Tuesday, December 6, 2011

വേലികളെ തിന്നു തീര്‍ത്ത മതിലുകള്‍ .....

പാരിസില്‍ വ്യാപാരമുള്ള കാട്ടിക്കുളം ഭരതന്‍ എന്ന പ്രവാസിയാണ് ആദ്യമായി കൂറ്റന്‍ മതിലും അതിഭയങ്കരന്‍ ലോഹത്തകിടുകള്‍ കൊണ്ടുള്ള ഗേറ്റും ഒക്കെയായി ഞങ്ങളുടെ നാട്ടിന്‍പുറത്തെ അഹംഭാവിയായ ആദ്യത്തെ വീട് പണിയുന്നത്. കുറച്ചു നാളുകള്‍ക്കു ശേഷം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ നിന്നും അലെങ്ങാടന്‍ പാത്രകമ്പനിയുടെ മുന്നിലൂടെ ക്രൈസ്റ്റ് കോളേജിലേക്ക് പോകുന്ന വഴിയില്‍ ഇന്നസെന്റിന്റെ അനിയന്‍ വെല്‍സ് താമസിച്ചിരുന്ന തറവാട് വീടിന്റെ എതിരിലായി മറ്റൊരു വലിയ വീടും വന്നു.

റിമൊട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ച് തനിയെ തുറക്കുന്ന വലിയൊരു ഗേറ്റും അതിനടുത്ത കാവല്‍ക്കാരന്റെ മുറിയുമായിരുന്നു അന്നത്തെ സംസാരവിഷയം.

പിന്നെ ഇന്നസെന്റിന്റേതടക്കം ധാരാളം വലിയ വീടുകള്‍ വന്നുനിറഞ്ഞു. പോകെ പോകെ ഉയര്‍ന്നു നിരന്നു നില്‍ക്കുന്ന പടുകൂറ്റന്‍ വീടുകള്‍ക്കിടയില്‍ വഴിയറിയാതെ വന്നുപെട്ട പോലെ ബാക്കിയായ ചുരുക്കം ചില ഓടുമേഞ്ഞ വീടുകളായി അത്ഭുതക്കാഴ്ച്ചകള്‍. വലിയ വീടുകള്‍ എന്നതിനേക്കാള്‍

വലിപ്പമേറിയ ഗേറ്റും മതിലും എന്നതായിരുന്നു ഞാന്‍ നടേ പറഞ്ഞ വീടുകളുടെ പ്രത്യേകത ,അത് അത്ര പരിചിതമായിരുന്ന ഒന്നായിരുന്നില്ല ഞങ്ങള്‍ക്ക് .

കാട്ടികുളം ഭരതന്‍റെ വീട് നിന്നിരുന്ന തെങ്ങിന്‍ പറമ്പില്‍ പ്രശസ്തമായിരുന്ന ഒരു കള്ള്ഷാപ്പായിരുന്നു അതിനു മുന്‍പ് ,

ഇത്ര മനോഹരമായ വീട് വെച്ചിട്ടും ഇരിങ്ങാലക്കുട തൃപ്രയാര്‍ ബസ്, വീടിനു മുന്നില്‍ നിര്‍ത്തുമ്പോള്‍ കിളികള്‍ 'ഷാപ്‌ ,ഷാപ്‌' എന്നുതന്നെ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ആ വീടിന്‍റെ അഹംഭാവത്തെ നിരന്തരം തല്ലിക്കെടുത്തികൊണ്ടിരുന്നു.

ഞാന്‍ പറഞ്ഞുകൊണ്ട് വന്നത് മതിലുകളെകുറിച്ചാണ്, മതിലുകളെകുറിച്ച് സംസാരിക്കേണ്ടിവന്നത് , ഞാന്‍ വേലികളേക്കുറിച്ചു പറയാന്‍ ആഗ്രഹിക്കുന്നു എന്നത് കൊണ്ടാണ് .

വലിയ മതില്‍ പണിയുന്നതിനു മുന്‍പ് ഷാപ്പിനെച്ചുറ്റി മനോഹരമായ ഒരു വേലിയുണ്ടായിരുന്നു ആ പറമ്പിന്.

ഇന്നത്തെപ്പോലെ ചെറുപ്പക്കാര്‍ ധാരാളമായി ഷാപ്പുകളില്‍ കയറുക പതിവില്ലാത്തതിനാല്‍ കുറിയ മുണ്ടുടുത്ത ചെത്ത് കാരുടെയും ,വലിയ മീശയുള്ള കുടിയന്മാരുടെയും ഭാഗിക ദൃശ്യവും,ഷാപ്പില്‍ വെന്തു കൊണ്ടിരിക്കുന്ന പലതരം കറികളുടെ എരിവു ഗന്ധവും ആ വേലിക്കുള്ളിലൂടെ നൂണ്ടും പതുങ്ങിയുമാണ് ഞങ്ങളില്‍ എത്തിക്കൊണ്ടിരുന്നത് .

നീരോലി എന്ന് വിളിക്കുന്ന എവിടെ ഒടിച്ചുകുത്തിയാലും പൊടിച്ചു പടരുന്ന ഒരുചെടിയായിരുന്നു ആ വേലിയില്‍ അധികഭാഗവും ,

ചെറിയ മുന്തിരിപോലെ നിറയെ വയലറ്റ് പഴങ്ങള്‍ തൂങ്ങിനിന്നിരുന്ന അതിനെ ഞങ്ങള്‍ കുട്ടികള്‍" മഷിക്കായ ചെടി" എന്നും വിളിച്ചു പോന്നു ,അതിനിടയില്‍ എപ്പോഴും നിറയെ പൂക്കളുമായി ഉയര്‍ന്നു നില്‍ക്കുന്ന മുളകുചെമ്പരത്തി ,

കടുത്ത പച്ചപ്പിനിടയില്‍ നിന്നും ഇടയ്ക്കിടെ തലനീട്ടുന്ന അഗ്നിപുഷ്പങ്ങള്‍ പോലെ" തീപ്പൊരി" എന്ന വള്ളിചെടിയുടെ കുഞ്ഞന്‍ പൂവുകള്‍ , അവിടവിടെയായി കാവടിപോലെ വര്‍ണപൂക്കുലകള്‍ തലയില്‍ ചൂടി കാടാറുമാസം എന്ന് വിളിപ്പേരുള്ള ഹനുമാന്‍ കിരീടം ,

ഞങ്ങള്‍ പേരറിയാതെ ശംഖു പുഷ്പം എന്നുവിളിച്ചുപോന്ന നീലകോളാംബിയും ഒറിജിനല്‍ ശംഖു പുഷ്പവും ..

താനിശ്ശേരിയിലെ വീട്ടിലേക്കുള്ള മണല്‍ വഴിയുടെ രണ്ടുകരകളിലും നിറഞ്ഞു തിങ്ങിയ വേലി വ്യത്യസ്തമായിരുന്നു

എപ്പോഴും ഇരുണ്ട പച്ചപ്പുമായി നിറഞ്ഞു നിന്നിരുന്നത് ഇപ്പോള്‍ തീരെ കാണാതായ കരിങ്ങോട്ട മരങ്ങളായിരുന്നു ,

മാങ്ങാ മാലയിലെ പതക്കങ്ങള്‍ പോലെയുള്ള പച്ചയും പഴുത്തതുമായ കായ്ക്കുലകള്‍ തൂങ്ങുന്ന മരത്തില്‍ നിറയെ പുളിയുറുമ്പുകള്‍ ആയിരുന്നു.

പിന്നെ വെളിച്ചത്തിനായി മത്സരിച്ച് മുകളിലേക്കുയര്‍ന്ന് സ്വന്തം ഭാരത്താല്‍ ചരിഞ്ഞ് വഴിക്ക് മുകളില്‍ തണുപ്പിക്കുന്ന മേല്‍ക്കൂരയോരുക്കി നെടുനീളന്‍ കൈതകള്‍

കൈത പൂവിന്‍റെ മണമോര്‍ക്കാത്ത ആരെങ്കിലുമുണ്ടാകുമോ നാല്‍പതു കടന്നവര്‍ ?

സുഗന്ധങ്ങള്‍ കുപ്പികളില്‍ വന്ന് മൂക്കിനെ വശീകരിച്ചു വഷളാക്കും മുന്‍പ് കാറ്റില്‍ കലര്‍ന്ന് ഞാനൊന്നുമറിഞ്ഞില്ലേ എന്നാ മട്ടില്‍ മുഖത്തുരുമ്മി ഭ്രമിപ്പിച്ചിരുന്നു കൈതപ്പൂവും ,ഇലഞ്ഞിയും ചെമ്പകവുമൊക്കെ ...

അതിന്‍റെ ഇടയിലായിരുന്നു ചെമ്മീന്‍ പുളി എന്ന് പേരുണ്ടായിരുന്ന മുള്‍ചെടി

ഇളം പുളിപ്പുള്ള അതിന്‍റെ പരുപരുത്ത ഇലകള്‍ തിന്നു നോക്കാത്ത ഒരു കുട്ടിയുമുണ്ടായിരുന്നില്ല ഞങ്ങളുടെ നാട്ടില്‍ അന്ന് ....

ഇളം മഞ്ഞയില്‍ വിരിഞ്ഞു നിറയുന്ന വെല്‍ വെട് പോലെയുള്ള അതിന്‍റെ പൂവിന്‍റെ തവിട്ടുനിറമുള്ള ഉള്‍ ഇതള്‍ പേന മൂടികൊണ്ട് അമര്‍ത്തി മുറിച്ച് ഞങ്ങളുടെ കൂട്ടുകാരികള്‍ സ്റ്റിക്കര്‍ പൊട്ടുകള്‍ ഉണ്ടാക്കി...

പിന്നെ ഭംഗി കൊണ്ട് പ്രലോഭിപ്പിച്ചും വിഷം കൊണ്ട് ഭയപ്പെടുത്തിയും കുന്നിമണികള്‍ ..

വേലിയില്‍ പടര്‍ന്ന വള്ളികളില്‍ നിന്നും താഴെ വീണു കിടന്ന് ഇത്തിരി കറുപ്പിന്റെയും കടും ചുവപ്പിന്റെയും അതുല്യമായൊരു കോമ്പിനേഷന്‍ കൊണ്ട് കുന്നിക്കുരുക്കള്‍ കുഞ്ഞുങ്ങളെ പ്രലോഭിപ്പിച്ചു ..

അന്ന് വല്ലപ്പോഴും മാത്രം കേള്‍ക്കുന്ന ആത്മഹത്യകളിലെ പ്രധാന വില്ലന്‍ ഈ കുന്നിക്കുരുക്കള്‍ ആയിരുന്നു ,പിന്നെ അന്ന് കണ്ടു പരിചയമില്ലാതിരുന്ന ഉമ്മത്തിന്‍ കായയും(ഞാന്‍ വല്ലാതെ തേടി നടന്ന മറ്റൊരു കായയുണ്ട് "ഒതളങ്ങ" .. കാട്ടൂര്‍ സ്കൂളിലെ പരിഷ്കാരിയായ ഒരു അദ്ധ്യാപികയെ കുട്ടികള്‍ "ഒതളങ്ങ ടീച്ചര്‍ "എന്നായിരുന്നു വിളിച്ചു വന്നിരുന്നത് ,അതെന്തു കൊണ്ടാവാം എന്നാ കൌതുകത്തില്‍ നിന്നാണ് എന്‍റെ ഒതളങ്ങ തിരയല്‍ ആദ്യം ആരംഭിക്കുന്നത് ,പിന്നെ വെള്ളത്തിലൂടെ വിത്തുവിതരണം നടത്തുന്ന ചെടി എന്നതിന്‍റെ ഉദാഹരണമായി സയന്‍സ് ടീച്ചറും അത് തന്നെനിര്‍ബന്ധിച്ചു പഠിപ്പിച്ചു ,തോട്ടിറമ്പില്‍ നില്‍ക്കുന്ന തെങ്ങില്‍ നിന്ന് വീണ തേങ്ങകള്‍ വെള്ളത്തിലൂടെ ഒഴുകിപോകുന്നത്‌ നിത്യവുംകാണുന്ന എന്നെ അവര്‍ ഒതളങ്ങ ,ഒതളങ്ങ എന്ന് ഇമ്പോസിഷന്‍ എഴുതിച്ചുകൊണ്ടെയിരുന്നു)

വീട് നില്‍ക്കുന്ന പറമ്പിലെ വേലി തീര്‍ത്തും വ്യത്യസ്തമായിരുന്നു ,കിട്ടാവുന്ന തരം ചെടികളൊക്കെയും അമ്മ വേലിക്കല്‍ നട്ടു,

മൈലാഞ്ചി ,ചെമ്പരത്തി ,ഗന്ധരാജന്‍,നന്ദ്യാര്‍വാട്ടം,

ഒരുതരം ചീര , പലവിധംകോഴിവാലന്‍ എന്നിങ്ങനെ എന്തും ..

വര്‍ഷാവര്‍ഷം ഇല്ലിമുള്ളും(പടല് എന്നാണ് മുളയെ ഞങ്ങള്‍ വിളിച്ചു കൊണ്ടിരുന്നത് ,നാടാകെ ചുറ്റിയിട്ടും,മുളയുടെ പറുദീസയായ വയനാട്ടിലെത്തിയിട്ടും ആ ഒരു പേര് ഞാന്‍ പിന്നീടെങ്ങും കേട്ടിട്ടുമില്ല )അട്യ്ക്കാമരത്തിന്റെ വാരികളും കൊണ്ട് കുറുമ്പന്‍ പുലയന്‍ എല്ലാ വര്‍ഷവും അവയെ ബലപ്പെടുത്തിക്കൊണ്ടിരുന്നു.

"പട്ടിയുണ്ട് സൂക്ഷിക്കുക" എന്ന ബോര്‍ഡും നെഞ്ചില്‍ തൂക്കി "കടന്നു പോകരുത് "എന്ന് ആക്രോശിക്കുന്ന തരം മതിലുകളുടെ ക്രൌര്യമായിരുന്നില്ല ആ വേലിക്ക്

പകരം വരൂ ,വരൂ എന്ന് സ്നേഹത്തോടെ അത് പരിചയക്കാരോട് ചിരിക്കുകയും ,ആരാ മനസ്സിലായില്ലല്ലോ എന്ന് അപരിചിതനോട് സൌമ്യമായി സംശയപ്പെടുകയും ചെയ്തു ..

കെട്ടഴിച്ചു വിട്ടു പോറ്റുന്ന അപ്പുനായരുടെ പശുക്കളെയും ,സരോജിനി ചേച്ചിയുടെ ആടുകളെയും മാത്രമായിരുന്നു അമ്മക്ക് തടുത്തു നിര്‍ത്തെണ്ടിയിരുന്നത്‌ ,അവയാകട്ടെ മിക്കപ്പോഴും ആ ദുര്‍ബല പ്രതിരോധത്തെ തകര്‍ത്ത് അകത്ത് കടക്കുകയും എനിക്ക് ധാരാളമായി വഴക്ക് കേള്‍ക്കാനുള്ള അവസരം ഉണ്ടാക്കിവെക്കുകയും ചെയ്തു.

വെളാനിയിലെ സ്കൂള്‍ നിന്നിരുന്ന സ്ഥലം ചരല്‍ പ്രദേശമായിരുന്നു

ധാരാളം കല്ലുവെട്ടുകുഴികളുള്ള ചെമ്മന്നു നിറഞ്ഞ പ്രദേശം ,എന്‍റെ ചങ്ങാതി വര്‍ഗീസിന്റെതടക്കം ധാരാളമായി ക്രിസ്ത്യാനി വീടുകളുണ്ടായിരുന്നു ആ വഴിയില്‍

ബോഗ്ഗൈന്‍ വില്ലകള്‍ കൊണ്ടുള്ള നിറമുള്ള വേലികളായിരുന്നു ആ വീടുകള്‍ക്ക് ,ബോഗൈന്‍ വില്ല എന്ന പേരൊന്നും പരിചയമുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക് ,കടലാസ് പൂക്കള്‍ എന്നാണ് ഞങ്ങള്‍ പറഞ്ഞിരുന്നത്

ക്രിസ്ത്യാനികളുടെ വീടിന്‍റെ അടയാളമായാണ് കടലാസ് പൂക്കളെ ഞങ്ങള്‍ കുട്ടികള്‍ അന്ന് മനസ്സിലാക്കിയിരുന്നത് ,കടലാസ്സു കൊണ്ടുള്ള തോരണങ്ങളും ക്രിസ്ത്യാനികളുടെത് മാത്രമായിരുന്നു അന്ന്

മുറ്റത്തു കുത്തി നിറുത്തിയ വലിയ വാഴ പിണ്ടികളില്‍ കടലാസ് കൊടികള്‍ ഭംഗിയായി കുത്തിവെച്ചും,കടലാസ് തോരണങ്ങള്‍ തൂക്കിയും അവര്‍ പിണ്ടിപ്പെരുന്നാല്‍ ആഘോഷിച്ചു

പിണ്ടിപെരുന്നാളിനു ശേഷമുള്ള ദിവസങ്ങളില്‍ വര്‍ണകടലാസുകളും ,അല്ലാത്തപ്പോള്‍ കടലാസ് പൂക്കളും കുപ്പിവെള്ളത്തില്‍ ഇട്ടു വെച്ച് ഞങ്ങള്‍ വെള്ളത്തിനു നിറം ചേര്‍ത്തു ..

ചുവപ്പും വെള്ളയും പൂക്കളുള്ള ബോഗൈന്‍ വില്ലകള്‍ അതിരിടുന്ന ചെറിയ മുറ്റം .

മുറ്റത്ത് ഉണക്കാന്‍ നിരത്തിയ നാളികേര മുറികള്‍ ..നാളികേര വെള്ളത്തിന്റെ പുളിപ്പിക്കുന്ന മണം,

ഉണക്ക മാന്തളിന്റെ തലപോലെയുള്ള വെന്തിങ്ങയും കഴുത്തില്‍ തൂക്കി ഷര്‍ട്ടിടാതെ ഇറയത്തിരിക്കുന്ന വര്‍ക്കി മാപ്ല ....

ലാലുപ്രസാദ് യാദവ് എന്ന മന്ത്രിയെ ടെലിവിഷനില്‍ കാണുമ്പോഴൊക്കെ ഞാന്‍ വര്‍ക്കി മാപ്ലയെ ഓര്‍മ്മിക്കുകയും ആ പഴയ കാല കാഴ്ചകളിലേക്ക് അറിയാതെ തലകുത്തിവീഴുകയും ചെയ്യുന്നു ..

വീട്ടു പറമ്പിലെ വേലികളെക്കാള്‍ കുറേക്കൂടി വന്യ സ്വഭാവമുള്ളവയായിരുന്നു പുറം പറമ്പുകള്‍ എന്ന് ഞങ്ങള്‍ വിളിച്ചു പോന്ന ആള്‍താമസമില്ലാത്ത പറമ്പിലെ വേലികള്‍.

കള്ളിചെടികളും,കൊങ്ങിണിയും ഇടതൂര്‍ന്നു വളര്‍ന്നു നിന്നിരുന്ന അതിരില്‍ പുന്നയും മരോട്ടിയും കാഞ്ഞിരമരങ്ങളും വളര്‍ന്നു നിന്നു.

മരത്തണലില്‍ വളരുന്ന പാണല്‍ ചെടികള്‍ക്കിടയിലെ എലികള്‍ തീര്‍ത്ത മാളങ്ങളില്‍ മൂര്‍ഖന്‍ പാമ്പുകള്‍ സുഖ വിശ്രമം കൊണ്ടു..

തേങ്ങയും മടലും പെറുക്കാന്‍ വരുന്ന ചെറുകിട മോഷ്ടാക്കളെ ഒഴിച്ച് മറ്റെല്ലാവരെയും ഭയം കൊണ്ട് അത്തരം വേലികള്‍ അകറ്റി നിറുത്തി .

നന്നായി പഴുത്ത മുള്ളന്‍ പഴങ്ങളും ,പഴുത്ത പാണലും വല്ലാതെ പ്രലോഭിപ്പിക്കുമ്പോള്‍ പോലും കുട്ടികള്‍ അത്തരം വേലികളില്‍ നിന്നും മനപ്രയാസത്തോടെ അകന്നു നിന്നു .

അങ്ങനെ എത്രയോ തരം വേലികള്‍ ..

നായ്ക്കരിമ്പ് എന്ന് വിളിച്ചുപോന്ന കരിമ്പുപോലെയുള്ള ചെടികള്‍ തിങ്ങിനിരഞ്ഞിരുന്ന വേലിയുമായി പാവടിപാലത്തിനടുത്തു തോട്ടിറമ്പില്‍ കുമാരേട്ടന്റെ ചെറിയ വീടുനിന്നിരുന്നു ,

തെക്കേ താനിശ്ശേരിയിലെ വേലന്‍ വൈദ്യന്റെ വീട്ടുവേലിയില്‍ വലിയ ആടലോടകവും ചങ്ങലംപരണ്ടയും ഇണപിരിഞ്ഞുകിടന്നു.

ഏതാണ്ടെല്ലാ വേലികളിലും മോഹിപ്പിക്കുന്ന മണവുമായി കാട്ടുചെമ്പകവും,മുല്ലയും പൂത്തുനിറഞ്ഞു....

എന്തൊക്കെയുണ്ടായിരുന്നു വേലിയില്‍.. ?

എന്തില്ലായിരുന്നു വേലിയില്‍ എന്ന് ചോദിക്കുന്നതായിരിക്കും കുറേക്കൂടി എളുപ്പം ..

കുളത്തിലേക്ക് കുളിക്കാന്‍ പോകുംവഴി നാട്ടിലെ സ്ത്രീകള്‍ക്ക് ഒടിചെടുക്കാന്‍ താളിയായി നീരോലിയും ചെമ്പരുത്തിയും

കയ്യില്‍ ചായമിടാന്‍ മൈലാഞ്ചി

കുഞ്ഞുങ്ങളുടെ മുറിവുണക്കാന്‍ മുറികൂട്ടിപാലയുടെ പശ .

വലിയച്ഛന്റെ ചുമക്ക്‌ ചെറിയാടലോടകം,അമ്മക്ക് ഇത്തിരിക്കൂട്ടാന് ചീരയും കോവലും

കുഞ്ഞുങ്ങള്‍ക്ക് സ്കൂളില്‍ പോകും വഴി പൊട്ടിച്ചു തിന്നാന്‍ പലവിധം കായ്കളും പഴങ്ങളും ,

സ്ലേടു മാക്കാന്‍ മഷിത്തണ്ട് ചെടി ,സ്കൂളില്‍ നേരത്തെ പോയതിന്റെ അടയാളമായി ഓടിച്ചിടാന്‍ ഇലതൂപ്പ് ,

കുട്ടികള്‍ക്ക് കണ്ണില്‍ വെച്ച് തണുപ്പിക്കാന്‍ മഞ്ഞു തുള്ളിയെ കാത്തു വെക്കുന്ന പുല്ലിന്‍ തുമ്പുകള്‍, ഓണക്കാലത്ത് പൂക്കളമിടാന്‍ ധാരാളമായി പലവിധം പൂവുകള്‍ ..

അത്യാവശ്യമായി സ്വയം പ്രതിരോധത്തിനോ,ആക്രമണത്തിനോ ആയി പൊടുന്നനെ ഊരിഎടുക്കാന്‍ ഒരു വേലിപ്പത്തല്‍ ,കാക്കകള്‍ക്ക് കൂടൊരുക്കാന്‍ ചുള്ളിക്കമ്പുകള്‍ ,കുഞ്ഞിക്കുരുവികള്‍ക്ക് കൂടുവെക്കാനും,ചെലാട്ടിക്കിളികള്‍ക്ക് കലപില കൂട്ടാനും പലവിധം ചെടികള്‍ ഓര്‍ത്തെടുക്കാന്‍ ഓരോരുത്തര്‍ക്കും ഇനിയുമേരെയുണ്ടാകും വേലിയില്‍ നിന്നും .....

ചെടികള്‍ക്ക് പുറമേ ജീവിവര്‍ഗങ്ങളും കുറവായിരുന്നില്ല വേലിയില്‍

ഓണക്കാലത്ത് പൂക്കളോടൊപ്പം തുമ്പികളും നിറയും വേലിയില്‍ ,പിന്നെ ചിത്രശലഭങ്ങളുടെ വര്‍ണഘോഷം,

ചുവപ്പും പച്ചയുമായി നിറംമാറി ഒളിക്കുന്ന ഓന്തുകള്‍ ,ഒന്തുകളെ ലക്ഷ്യമിട്ട് ഞാനൊന്നുമറിഞ്ഞില്ല എന്ന ഭാവത്തില്‍ ഉപ്പന്‍ എന്ന ചെമ്പോത്ത് ,കലപിലകൂട്ടികൊണ്ട് കുളകോഴി തള്ളയും കുഞ്ഞുങ്ങളും ,അവയെ നോട്ടമിട്ട് നരച്ച വയസ്സന്‍ കീരി,

പചിലകള്‍ക്കിടയില്‍നിന്നുംപൊടുന്നനെ വെളിച്ചത്താവുന്ന ഒരു പച്ചില പാമ്പ് ,

വേലിക്കൂട്ടില്‍ നിന്നും ധൃതി വെച്ചിറങ്ങി എന്തോ മറന്നെന്ന പോലെ തിരിച്ചു കയറുന്ന വൃത്തിയുള്ള അരണകള്‍,ഇലകളില്‍ തൂങ്ങി ദൈവത്തിനുള്ള എണ്ണയുമായി പോകുന്ന എണ്ണക്കാരന്‍ പുഴു

ജൈവശാസ്ത്രപരമായി നോക്കുമ്പോള്‍ വളരെ ബ്രഹുത്തായ ഒരു ആവാസ വ്യവസ്ഥ കൂടിയായിരുന്നു വേലികള്‍

ഇന്നിപ്പോള്‍ മതിലുകള്‍ വേലികളെ തിന്നുതീര്‍ത്തിരിക്കുന്നു ,

പലതായി പലതവണ മുറിക്കപ്പെട്ട പറമ്പുകളില്‍ നെടുകെയും കുറുകെയും വെയിലേറ്റ് മതിലുകള്‍ പൊള്ളി നില്‍ക്കുന്നു ,

വല്ലപ്പോഴും പറന്നെത്തുന്ന കാക്കകള്‍ പോലും മതിലുകളില്‍ കാലുപൊള്ളി തിരിച്ചു പറക്കുന്നു....

സ്വപ്നത്തിന്‍റെ ദുര്‍ബലവേലികളെ പൊളിച്ച് അടുക്കികൊണ്ട് കൊണ്ട്‌ സത്യത്തിന്‍റെ പെരും കാളഎന്നെ ഭീഷണിപ്പെടുത്തുന്നു

നഷ്ട സ്വര്‍ഗങ്ങളെപ്രതി വിലപിച്ചുകൊണ്ടിരിക്കുന്നവന്‍ ഭീരുവും മടിയനുമാകുന്നു ,

വല്ലാതെ മാറിയ ഒരു ലോകത്തില്‍ ഇത്തരം ചിന്തകള്‍ ശിക്ഷാര്‍ഹം കൂടിയാണ്

പുറത്തു പോകുന്നതിനു മുന്‍പ് വാതിലുകളും ഗേറ്റും ശരിയായി പൂട്ടിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക

കഴിയുമെങ്കില്‍ താത്കാലികമായെങ്കിലും ഒരു കാവല്‍ക്കാരനെ നിയമിക്കുക

അവന്‍ വിശ്വസ്തനാണോ എന്നറിയാന്‍ മറ്റൊരാളെക്കൂടി ഏര്‍പ്പാടാക്കിയാല്‍ നന്നായി

Monday, September 14, 2009

കപ്പ ബിരിയാണി

കപ്പ ബിരിയാണി എന്ന വയനാടന്‍ ഭക്ഷണത്തിന് നവലോകത്തിന്റെ ആഹാര രീതികളെ അഭിസംഭോധന ചെയ്തുകൊണ്ട് ചിലത് സംസാരിക്കാനുണ്ട് ,

വയനാടിന്റെ
തനതു ഭക്ഷണമാകുന്നു കപ്പ ബിരിയാണി,

അല്ലെങ്കില്‍ ഭക്ഷണം എന്നത് അപൂര്‍വവും അമൂല്യവുമായിരുന്ന ഒരു ദുരിത കാലഘട്ടത്തിലൂടെ കടന്നു പോയ വയനാടന്‍ കുടിയേറ്റക്കാരന്റെ ജീവിതാനുഭവങ്ങളുടെ നിര്‍മിതിയാകുന്നു കപ്പ ബിരിയാണിയെന്ന ചേരുവ

കപ്പ എന്നത് നിത്യവൃത്തിയുടെയും ,ബിരിയാണി എന്നത് ആടംബരത്തിന്റെയും ഭക്ഷണ അടയാളങ്ങള്‍ ആണെന്നിരിക്കെ ആഹാര ശീലങ്ങളുടെ വിചിത്രമായ ഒരു സങ്കലനം ചുരുക്കം അതിന്റെ പേരിലെങ്കിലുമുണ്ട്

ഏത് സംസ്കാരത്തിന്റെ സ്വാധീനമാണ് എന്നറിഞ്ഞുകൂടാ വയനാട്ടില്‍ ചെറിയ ചായക്കടകള്‍ക്ക് 'മെസ്സ് ' എന്നാണ് പേര് ,കഞ്ഞി ,കപ്പ ബോട്ടി തുടങ്ങിയവയെക്കൂടാതെ കപ്പ ബിരിയാണിയും ഇത്തരം കടകളിലെ പ്രധാന ഇനമാണ് ,നാടന്‍ ഭക്ഷണങ്ങള്‍ക്ക്‌ നവകാലത്ത് വന്നു ചേര്‍ന്നിട്ടുള്ള വ്യാപാരമൂല്യം കൊണ്ടാകണം ചില ഉയര്‍ന്ന തരം ഹോട്ടലുകളിലെ മെനു ചാര്ട്ടുകളിലേക്കും കപ്പക്കും കപ്പ ബിരിയാണിക്കും സ്ഥാനക്കയറ്റം കിട്ടിയിട്ടുമുണ്ട് ഈയിടെ

എന്നാല്‍ വ്യത്യസ്തതമായ ഒരു ഭക്ഷണ പരീക്ഷണം എന്ന നിലയിലല്ല കപ്പ ബിരിയാണിയുടെ ഒറിജിന്‍.
കല്യാണം, പുരയികൂടല്‍ ,പള്ളിപരിപാടികള്‍ തുടങ്ങി ഭക്ഷണം വിളമ്പുന്ന ഏതൊരു ആഘോഷത്തിന്റെയും തലേരാത്രിയിലെ ഭക്ഷണം എന്ന നിലയിലാണ് കപ്പബിരിയാണിയുടെ ഉത്ഭവവും ഉപയോഗവും .
വിലകുരവുള്ളതും ധാരാളമായി ലഭ്യമായതുമായ കപ്പ ,പിറ്റേന്നത്തെ പ്രധാന വിരുന്നിനു വിളമ്പാനായി കശാപ്പ് ചെയ്ത കന്നുകാലിയുടെ ,മുഴനെഞ്ഞിന്‍ കൂട് എന്ന കടുപ്പം കുറഞ്ഞ അസ്ഥികള്‍ ,നാവ് ,നെയ്യ് തുടങ്ങിയ വരേണ്യ മല്ലാത്ത മാംസ ഭാഗങ്ങള്‍ എന്നിവയാണ് കപ്പ ബിരിയാണിയിലെ പ്രധാന ചേരുവകകള്‍
നെല്ല് പുളിപ്പിച്ച് സ്വയം വാറ്റിയെടുത്ത ഒരല്‍പം സ്വയമ്പന്‍ സാധനം കൂടെയുണ്ടെങ്കില്‍ (ഉണ്ടാകും )അത്താഴം അതികേമം

കപ്പബിരിയാണി എന്ന ഭക്ഷണത്തിന്റെ രുചി ,പാകം ,ചേരുവകകള്‍ ,അതിനെ ചുറ്റി പറ്റിയുള്ള ഗൃഹാതുരത്വം (ഗൃഹാതുരത്വം എന്ന വാക്കു കപ്പബിരിയാനിക്ക് ചേരാത്ത വിധം സ്വാത്വികവും ,സൌമ്യവുമാണോ ?,നിലാവ് ,പുഴ ,ഇടവഴികള്‍ ,അമ്പലം തുളസിക്കതിര്‍ എന്നിങ്ങനെയുള്ള അതിന്റെ സ്ഥിരം ബിംബങ്ങളിലേക്ക് കപ്പബിരിയാണിയുടെ എരിവു ഗന്ധത്തിന് എത്തി നോക്കാന്‍ പാടുണ്ടോ ആവോ .?) എന്നിവയെക്കുരിച്ചോന്നുമല്ല കുറിപ്പ് സംസാരിക്കാന്‍ ഉദ്ദേശിക്കുന്നത്.
( ഇനത്തില്‍ എന്തെങ്കിലും സംശയങ്ങള്‍ ഉള്ളവര്‍ക്ക് പാചക കാര്യത്തില്‍ എന്തിനും മരുപടിയുള്ള എന്റെ സുഹൃത്ത് സപ്നയെ സമീപിക്കാം ) മറിച്ച് കപ്പബിരിയാണി പ്രധിനിധാനം ചെയ്യുന്ന ഒരു ഭക്ഷണ സംസ്കാരത്തിന്റെ ലളിതമായ മര്യാദകളെ ക്കുറിച്ചാണ് നാം സംസാരിക്കുന്നത്

ഭക്ഷ്യ വസ്തുക്കളുടെ ന്യായവും യുക്തവുമായ ഉപയോഗത്തിന്റെ ഏറ്റവും തെളിച്ചമുള്ള അടയാളമാണ് കപ്പ ബിരിയാണി എന്ന വിനീത വിഭവം

കശാപ്പ് ചെയ്ത പോത്ത് എന്ന ഭക്ഷ്യവസ്തുവിന്റെ പരമാവധി ഉപയോഗത്തെയാണ് അത് അടയാളപ്പെടുത്തുന്നത്.
ഭക്ഷിക്കാനാകുന്നത് എന്ന ഒരു അളവുകൊലുകൊണ്ട് മാത്രം ഭക്ഷണത്തെ അളക്കുകയും , നല്ലത് ,ചീത്ത ,ഉത്തമം തുടങ്ങിയ അതിന്റെ അനുബന്ധ തരം തിരിവുകളെ പാടെ നിഷേധിക്കാതെ തന്നെ സന്ദര്‍ഭങ്ങള്‍ ക്കനുസരിച്ച് അതാത് ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നത് ഭക്ഷണത്തിന്റെ വിലയറിഞ്ഞ ഒരു സമൂഹത്തിന്റെ യുക്തിയാകുന്നു.

പ്രധാന ആഘോഷത്തിലെ അതിഥികള്‍ക്ക് പോത്തിറച്ചി വറുത്തും വെച്ചും വിളമ്പുമ്പോള്‍ ,അത്രമേല്‍ സാമൂഹ്യമായി സ്വീകാര്യമല്ലാത്ത ഇതര ഭാഗങ്ങളെ ഉപെക്ഷിച്ചുകളയാതെയുള്ള മാന്യമായ ഒരു ഉപയോങപ്പെടുത്തലാകുന്നു അത് ,ഭക്ഷിക്കാനാവുന്ന ഒന്നും വെറുതെ കളയാനുള്ളതല്ല എന്ന വിനീതമായ ഒരു ഓര്‍മപ്പെടുത്തല്‍ ..

ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത കോടിക്കണക്കിനു മനുഷ്യരും അവര്‍ക്ക് കഴിക്കാന്‍ വേണ്ടതിന്റെ ഇരട്ടിയിലധികം ഭക്ഷണം നിത്യേന ചവറ്റുകൂനയില്‍ തള്ളുന്ന ഒരു ന്യൂന പക്ഷവും ഒരേ സമയം നിലനില്‍ക്കുന്ന ഒരു രാജ്യമാകുന്നു നമ്മുടേത്‌.

ഭക്ഷണം എന്ന അതിന്റെ പ്രാഥമിക പ്രാധാന്യത്തില്‍ നിന്ന് ,സൌന്ദര്യം ,സാമൂഹ്യ സ്വീകാര്യത ,ആഡംബരം ,എന്നിങ്ങനെ അനവധി അനുബന്ധ തലങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളെ നാം തരാം തിരിക്കാന്‍ തുടങ്ങിയിരിക്കുന്നു

പ്രത്യേക തരം ആകൃതിയും വലിപ്പവുമുള്ള കാരറ്റുകള്‍
കൃത്യമായും ഉരുണ്ടതും വലിപ്പമുള്ളതുമായ ഉരുളക്കിഴങ്ങുകള്‍
ചുരുങ്ങിയത് ഇത്ര ഇഞ്ചെങ്കിലും വലിപ്പമുള്ള കരിമീന്‍ ....എന്നിങ്ങനെ പോകുന്നു അതിന്റെ പുതു തരം തിരിവുകള്‍ ..
അളവുകള്‍ പാലിക്കപ്പെടാത്ത ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗ ശൂന്യവും ഉപേക്ഷിക്കപ്പെടെണ്ടതുമാകുന്നു എന്ന ഒരു ഭക്ഷണധാരാളിത്തം നവലോകത്ത് വ്യാപകമാവുന്നു

അവനവന് ആവശ്യമുള്ളധിലധികം ഭക്ഷ്യ വസ്തുക്കള്‍ വാങ്ങിക്കൂട്ടുകയും ,അതിലേറെയും പാചകം ചെയ്തോ ചെയ്യാതെയോ ഉപേക്ഷിച്ചുകളയുകയും ചെയ്യുന്ന വാങ്ങല്‍ ശീലങ്ങളിലെ ധനിക ധാരാളിത്തം ഒരു നവ ശീലമായിരിക്കുന്നു , ഒന്നെടുത്താല്‍ മറ്റൊന്ന് ഫ്രീ എന്നാ കോമ്പോ പാക്കുകളുടെ വിപണന തന്ത്രം ഭൂരിപക്ഷത്തിന്റെ അടിസ്ഥാന ആര്‍ത്തിയെ ഉപയോഗപ്പെടുത്തുന്നു .
നൂറും നൂറ്റമ്പതും വിഭവങ്ങളുള്ള 'ബുഫെകള്‍' മനുഷ്യന്റെ മാന്യമായ ഭക്ഷണ ശീലങ്ങളെ പരിഹസിക്കുന്നു .
വീടുകളിലെ തീന്‍ മേശകളില്‍ ,വലിയ ഹോട്ടലുകള്‍ പോലുള്ള വിരുന്നു ശാലകളില്‍ ,ഉപരിവര്‍ഗ കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്കൂളുകളിലെ ലഞ്ച് ഹാളുകളില്‍ തുടങ്ങി ക്ഷേത്രം ഊട്ടുപുരകളില്‍ വരെ ഭക്ഷ്യ യോഗ്യമായ ഭക്ഷണം ധാരാളമായി ഉപേക്ഷിക്കപ്പെടുന്നു .

രണ്ടു കോടിയിലേറെ കുഞ്ഞുങ്ങള്‍ (അതില്‍ പകുതിയും ഭക്ഷണക്കുരവിനാല്‍) അഞ്ചാം പിറന്നാളിനും മുന്‍പേ മരിച്ചുപോകുന്ന ഒരു രാജ്യത്തിന്‌ ,കാലാവസ്ഥാ വ്യതിയാനവും,വിള നാശങ്ങളും കോടിക്കണക്കായ മനുഷ്യരെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട അത്രയും ഭക്ഷണത്തിനു പോലും നിവര്‍ത്തിയില്ലാത്തവരാക്കി മാറ്റുകയും ചെയ്യുന്ന മഹാഭാരതത്തില്‍ ഭക്ഷണ ധാരാളിത്തം എന്നെത് ഏറ്റവും ഹീനമായ വൈകൃതമാകുന്നു

ഭക്ഷിക്കാനാകുന്ന എന്തിനെയും എളുപ്പത്തില്‍ തര്‍ജമ ചെയ്യാവുന്നത് ,വെള്ളം ,വെളിച്ചം ,വായു ,മണ്ണ് എന്നിങ്ങനെയാണ് , ആയതു കൊണ്ടുതന്നെ ഭൂമിയില്‍ വിളയിക്കപ്പെടുന്ന ഓരോ ധാന്യവും അതിലെ മുഴുവന്‍ പേര്‍ക്കും അവകാശപ്പെട്ടതാകുന്നു .

ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിഒന്നാം വകുപ്പ് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ ഉറപ്പു തരുന്നുണ്ട് ,അങ്ങിനെയെങ്കില്‍ മരിക്കാതിരിക്കാന്‍ വേണ്ട അത്രയും ഭക്ഷണമെങ്കിലും അതിന്റെ പൌരന്മാര്‍ക്ക് ലഭ്യമാക്കേണ്ട ചുമതല അതിന്റെ ഭരണ കൂടത്തിനുണ്ട് .

ആകയാല്‍ ഓരോ പട്ടിണി മരണങ്ങളും ഓരോ കൊലപാതകങ്ങലാകുന്നു.
പാതി കടിച്ച ഒരു പഴമോ, രുചിപിടിക്കാത്തതിനാല്‍ കളഞ്ഞ കുഴച്ചു കൂട്ടിയ ഉച്ചയൂണോ , ചൂട് കുറഞ്ഞതിനാല്‍ മാറ്റിയെടുത്ത ഒരു കപ്പ് സൂപ്പോ ഉപേക്ഷിക്കുന്നവന്‍ മരണത്തിന്റെ ഉത്തരവാദിയുമാകുന്നു

മലയാള സിനിമയില്‍ ഭാര്യയോടു കലഹിക്കുന്ന നായകന്‍ മിക്കപ്പോഴും എണീറ്റ്‌ പോകുന്നത് പാതി കുഴച്ച ഭക്ഷണത്തിനു മുന്നില്‍ നിന്നാണ്
ഒരു കൊലപാതകത്തിലെ പ്രേരണ പ്രതിയായി അയാളെയും കൂട്ടണം നമുക്ക് .