Friday, July 4, 2008

എത്ര ചെറുതായിപോയി നീ ..?

എത്ര ചെറുതായി പോയി നീ ..
ഇരുപതു കൊല്ലം കൊണ്ട് എത്രമാത്രം ചെറുതായിപോയി നീ ..?

വെളുക്കാന്‍ തുടങ്ങിയ മീശയില്‍ ശ്രദ്ധയോടെ ചായം പുരട്ടുമ്പോള്‍ തറവാട്ടിലെ പഴയ കണ്ണാടിയില്‍നിന്നും പരിചിത ശബ്ദത്തില്‍ ആരോ സംസാരിക്കാന്‍ തുടങ്ങി ..

എനിക്ക് ഓര്‍മ്മയുണ്ട് നിന്നെ,
തൃശൂര്‍ നഗരത്തില്‍ നന്നായി പെയ്യുന്ന മഴയില്‍ തെല്ലും നനയാത്ത ആവേശത്തോടെ ജാഥ നയിക്കുന്നനിന്നെ
അഗ്നിജ്വാലകള്‍ പോലെ ആകാശത്തേക്ക് തെറിക്കുന്ന നിന്റെ ക്ഷീണിച്ച കയ്യുകള്‍ ...
ഒരു
പ്രളയത്തിനും കെടുത്താനാകാത്ത നിന്റെ കണ്ണുകള്‍
അക്കാദമി വളപ്പിലെ സായാഹ്ന ചര്‍ച്ചകളില്‍ വേറിട്ട്‌
കേള്‍ക്കുന്ന നിന്റെ
വിയോജിപ്പുകള്‍

ലൂസിയ ഹോട്ടലിലെക്കിറങ്ങുന്ന ചെറിയ ഇടവഴിയിലെ ചാരായ ഷാപ്പില്‍ നിന്നും ആക്രോശിച്ചു തളരുന്നസുരാസുവിനെ തോളില്‍ താങ്ങി തേക്കിന്‍ കാട്ടിലേക്ക് റോഡു മുറിച്ചു കടക്കാനുള്ള നിന്റെ ശ്രമങ്ങള്‍

വാന്ഞ്ചി ലോഡ്ജിലെ വെളിച്ചം കുറഞ്ഞ മുറിയില്‍ ലോകം ഇങ്ങനെയായിപ്പോയല്ലോ എന്ന് വ്യസനിക്കുന്ന സിവിക് ചന്ദ്രന്റെ കനം കുറഞ്ഞ ശബ്ദത്തിലേക്ക് ശ്രദ്ധയോടെ തുറന്നിരിക്കുന്ന നിന്റെകാതുകള്‍

കപട നാട്യങ്ങളുടെ പരിഹാസനോട്ടങ്ങള്‍ക്ക്‌ മുന്നിലൂടെ പ്രണയസഖിയുടെ കയ്യും പിടിച്ചു ജീവിതത്തിലേക്ക് നടന്നു കയറുന്ന നിന്റെ മുഖത്ത് ജ്വലിച്ചു നിന്ന മനസ്സുറപ്പ്.......

ഇന്നിപ്പോള്‍ എത്ര ചെറുതായിപ്പോയി നീ ..
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ എത്രമേല്‍ മാറ്റി പണിതു നിന്നെ?

എനിക്ക് നിന്നെ മനസിലാകുന്നില്ല
ബിഗ് ബസാറിന്റെ ബില്ലിംഗ് കൌണ്ടറില്‍ തിരക്ക് കൂട്ടുന്ന ,കര്‍ഷക ജാഥ വഴിമുടക്കിയപ്പോള്‍ കാറില്‍ അസ്വസ്ഥനാകുന്ന , മകളുടെ സ്കൂള്‍ പി ടി യോഗത്തില്‍ പൊങ്ങച്ച പ്രസംഗങ്ങള്‍സഹിച്ചിരിക്കുന്ന നിന്നെ .

മന്ത്രിയുടെ
അവലോകന യോഗത്തില്‍ കൃത്യ സമയം ഹാജരായി,വിവരകേടുകള്‍ക്ക് തലകുലുക്കുന്ന നിന്നെ ...
സത്യമായും എനിക്ക് മനസ്സിലാവുന്നില്ല ....

എന്റെ കണ്ണുകള്‍ക്ക്‌ പരിചയമില്ലാത്ത തീരെ ചെറിയ ഒരു ഫ്രെയിമിലേക്ക് നീ കയറിപോയത് എവിടെവെച്ചാണ് ?

Wednesday, July 2, 2008

തീരെ തണുത്ത കരിക്കുകള്‍

അമല ആശുപത്രിയുടെ മുന്നില്‍ എല്ലാ കാലവും കരിക്കുകള്‍ ഉണ്ട്

വേനലിന്റെ ഉച്ചചൂടിലും , ജൂണിന്റെ മഴപ്രാന്തിലും,ക്രിസ്തമസ് കുളിരിലും പീടികകളില്‍ കുലകുലയായി പലതരം കരിക്കുകള്‍ തൂങ്ങുന്നുണ്ട്

തീരെ ഉത്സാഹം കെട്ട കരിക്കുകള്‍ .... ആശുപത്രിപരിസരത്ത്‌ എല്ലായ്പോഴും പതുങ്ങി നില്‍കുന്ന മരണം അതിന്റെ സ്പര്‍ശം കൊണ്ടു തണുപ്പിച്ച മധുരമില്ലാത്ത കരിക്കുകള്‍ ......