Wednesday, September 9, 2009

നിലപാടുകള്‍ ഉണ്ടായിരിക്കണം ...


നിലപാടുകള്‍ ഉണ്ടായിരിക്കണം ...

ശ്രി ശശി തരൂര്‍ എവിടെയൊക്കെയോ തെറ്റായി അവതരിപ്പിക്ക പെട്ടിട്ടുള്ളത് മലയാളത്തിന്റെ അഭിമാനം എന്ന വ്യാജ വിലാസത്തിലാണ്

മലയാളമോ മലയാളിയോ ആയി അദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ചൊക്കെ ധാരാളമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട് പോയ തിരഞ്ഞെടുപ്പ് കാലത്ത് ,നവീന കാലത്തിന്റെ മാത്സര്യ ലോകത്ത് മലയാളം എന്ന വൈകാരിക സങ്കല്‍പ്പങ്ങല്‍ക്കപ്പുരത്തു പ്രായോഗിക യാഥാര്‍ത്യങ്ങള്‍ മേല്‍ക്കൈ നേടണം എന്നതായിരുന്നു നവ യുഗ മലയാളത്തിന്റെ തീര്‍പ്പ് എന്നത് ഭൂരിപക്ഷം കൊണ്ടു അദ്ദേഹം തെളിയിക്കുകയും ചെയ്തിരുന്നു ,നവ തലമുറയുടെ ഐക്കണ്‍ ,ബുദ്ധിജീവി ,എഴുത്തുകാരന്‍ ,സുമുഖന്‍ ,അവസരവാദി ,തറവാടി നായര്‍ തുടങ്ങി സമകാലീന രാഷ്ട്രീയത്തിന്റെ സകല കാര്‍ഡുകളും ഇറക്കി ക്കളിച്ച കളിയില്‍ ശ്രീ ശശി തരൂര്‍ നേടിയ വിജയത്തെ ജനാധിപത്യത്തിന്റെ സാമാന്യ നിയമങ്ങള്‍ അനുസരിച്ച് നാം അംഗീകരിക്കാതെ വയ്യ.

സോണിയ ഗാന്ധിയെ മദാമ്മ എന്ന് വിളിച്ച മുരളീധരന്‍ നിരുപാധികം കീഴടങ്ങിയിട്ടും മൂന്നു രൂപയുടെ മെംബെര്‍ഷിപ്‌ നിഷേധിക്കുന്ന ദേശീയ പാര്‍ട്ടിയുടെ സര്‍വ്വ സമ്മതനായ മന്ത്രിയായി ഇന്ദിരയേയും അടിയന്തിരാവസ്ഥയെയും ഇംഗ്ലീഷില്‍ തെറി പറഞ്ഞ തരൂര്‍ വിലസുന്നതും അദ്ദേഹത്തിന്റെ പ്രഫഷണല്‍ മിടുക്ക് കൊണ്ടു തന്നെയാവണം.

അധികാരത്തിന്റെ ശീതളിമയിലെക്കെത്തുന്ന നേതാക്കളില്‍ പലരും അതിന്റെ മനം മയക്കുന്ന സുഖ ലോലുപതകളില്‍ മയങ്ങി പ്പോകുന്നത് പുതിയ വര്ത്തമാനമോന്നുമല്ല ഇപ്പോള്‍ , അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ട്ടിയെന്നു സ്വയം നടിക്കുന്ന സി പി ഐ (എം ) എം പി യുടെ പ്രാതല്‍ പോലും പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നാണെന്ന് മുംബൈ ഭീകരാക്രമണ ദൃശ്യങ്ങള്‍ നമുക്കു കാട്ടി ത്തന്നതാണ്.

അത് കൊണ്ടു തന്നെയാണ് വായില്‍ വെള്ളി കരണ്ടിയുമായി ജനിച്ച ,തിരഞ്ഞെടുപ്പ് പ്രചാരണ ദിവസങ്ങളില്ലാതെ വെയില് കൊണ്ടിട്ടില്ലാത്ത ,ഇന്ത്യന്‍ ജനാധിപത്യ ക്രമത്തില്‍ ഒരിക്കല്‍ പോലും തന്റെ വോട്ടവകാശം മുന്‍പ്‌ ഉപയോഗപ്പെടുത്താന്‍ മെനക്കെടാത്ത ശ്രീ ശശി തരൂര്‍ ,അധികാരത്തിലെത്തിയതിനു ശേഷമുള്ള മൂന്നു മാസവും ദില്ലിയിലെ പഞ്ച നക്ഷത്ര ഹോട്ടലായിരുന്നു താമസം എന്ന വിവരം ഒരു തരത്തിലും നമ്മെ അത്ഭുത പെടുത്തത്തത് .

വളരെ കൃത്യമായ ഒരുത്തരം അദ്ദേഹം നമുക്കായി ട്വീറ്റ്‌ ചെയ്തിട്ടുമുണ്ട് ,അതിങ്ങനെ .
'കേരള ഹൌസ് എന്നത് വൃത്തിയില്ലാത്ത ഒരു സാധനമാണ്‌ ,ആയതിന്റെ ജിം ആകട്ടെ ഒട്ടും സ്വകാര്യത ഇല്ലാത്ത ഒന്നും ,താജില്‍ താമസിക്കുന്നത് എന്റെ സ്വന്തം പണം കൊടുത്തിട്ടുമാണ് ,എന്നിട്ടും നിങ്ങള്‍ പൂച്ചകള്‍ക്കെന്താണ് പൊന്നുരുക്കുന്നിടത്ത് കാര്യം ..?"

എന്നാല്‍ താങ്കള്‍ക്ക് അറിഞ്ഞു കൂടാത്ത ചില സത്യങ്ങള്‍ ഉണ്ട് സര്‍ ,മലയാളികളെ സംബന്ധിച്ചിടത്തോളം ,ഇവറ്റകള്‍ പുസ്തകം വായിക്കുകയും ആയത്‌ ഓര്‍ത്തുവെക്കുകയും ചെയ്യും ,അതുകൊണ്ടാണ് ചെറിയ ചില സംശയങ്ങള്‍...ഇന്ത്യ ,അര്‍ദ്ധ രാത്രി മുതല്‍ അര നൂറ്റാണ്ട്‌ എന്ന് മലയാളം അര്‍ത്ഥം വരുന്ന രീതിയില്‍ താങ്കള്‍ ഒരു ' പൊസ്തകം ' ആംഗലേയത്തില്‍ രചിച്ചത് ഓര്‍ക്കുന്നുവോ ...?

അതിന്റെ മലയാളം തര്‍ജ്ജമ വായിച്ച് രോമാഞ്ചം കൊണ്ട പലരില്‍ ഒരാളാണ് സര്‍ ഞാന്‍ ..അതിന്റെ മുന്നൂറ്റി പന്ത്രണ്ടാം പേജിലെ കിടിലന്‍ വാക്കുകള്‍ കണ്ട് കോള്‍മയിര്‍ കൊണ്ട ഒരു മണ്ടന്‍ .
താങ്കള്‍ അത് മറന്നു കാണും എന്ന് എനിക്കറിയാം ,അതുമല്ലെങ്കില്‍ നിലപാടുകള്‍ എന്നത് സ്ഥായിയായ ഒന്നല്ല എന്ന അങ്ങയുടെ അനുബന്ധ സൂക്തം വായിച്ചിട്ടുള്ളവനുമാണ് ഞാന്‍ ..
എല്ലാ അറിവുകളെയും തത്ക്കാലം പണയം വെച്ചുകൊണ്ട് ,നിലപാടുകളെ തന്നിഷ്ടം പോലെ അടിക്കടി മാറ്റുന്നവരോട് ,ഇരിങ്ങാലകുടക്കാരന്റെ അങ്ങാടിഭാഷയില്‍ ഭാഷയില്‍ ചോദിച്ചോട്ടെ ..
താങ്കള്‍ക്ക് എത്ര മോന്ത ഉണ്ട്..?
മലയാളിക്ക്‌ ഒരു ഉത്തരം നിര്‍ബന്ധമായും വേണം സര്‍ ..

പുസ്തകത്തിലെ മുന്നൂറ്റി പന്ത്രണ്ടാം പേജ് വായിക്കാത്തവര്‍ക്കായി ..
ഐക്യ രാഷ്ട്ര സഭയുടെ പ്രധിനിധിയായി 'മൌര്യ ഷേരട്ടന്‍ ' എന്ന ഇന്ത്യന്‍ പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിക്കാന്‍ നിര്‍ബന്ധിതനായ ഒരു ശുദ്ധാത്മാവിന്റെ സങ്കടങ്ങള്‍ ..


"
സ്വര്‍ഗത്തിലെ ഒരാഴ്ച മൌര്യ ഷേരട്ടനിലെ ഒരാഴ്ച താമസത്തിന് വെച്ചു മാറാം ,ഒരു വ്യത്യാസവും അനുഭവപ്പെടുകയില്ല ,ബില്ലിനെക്കുരിചോര്‍ത്ത് വിഷമിക്കരുതെന്നു മാത്രം ,അതെ ഹോട്ടലിലെ സമര്‍ത്ഥന്‍ ആയൊരു ജോലിക്കാരന്റെ ഒരുമാസത്തെ ശമ്പളത്തില്‍ കൂടുതല്‍ ഒരു ദിവസത്തെ മുരിവാടകയായി കൊടുക്കേണ്ടി വരുന്നതിനെ ക്കുറിച്ച് എന്ത് പറയാന്‍ ?ഒരു രൂപയുടെ സ്റ്റാമ്പ് കൊണ്ടു ഒരു തടിച്ച കവര്‍ ഇന്ത്യയുടെ ഒരറ്റത്ത് നിന്നു മറ്റേയറ്റം വരെചെന്നെത്തുമെന്നിരിക്കെ ലോക്കല്‍ കോളിന് പള്‍സ്‌ ഒന്നിന് ഏഴ് രൂപ വീതം ഈടാക്കുന്ന ടെലെഫോണ്‍ സിസ്റ്റത്തെ ക്കുറിച്ച് പറഞ്ഞിട്ടെന്തു ഫലം ? നിങ്ങളുടെ സോക്സ്‌ ഒറ്റ ദിവസം കൊണ്ടു വൃത്തിയായി അലക്കിത്തരികയും , അത് വാങ്ങാന്‍ നിങ്ങള്‍ ചിലവഴിച്ചതിന്റെ പത്തിരട്ടി അലക്ക് കൂലി മേടിക്കുകയും ചെയ്യുന്ന ഏര്‍പ്പാട് മോശമാണോ ?സ്വീകരണ മുറിയില്‍ താണു വണങ്ങി നില്ക്കുന്ന പരിചാരകര്‍ നിങ്ങളുടെ അതിഥികളുടെ കുട്ടികള്‍ക്ക് മൂന്നിഞ്ച് ഗ്ലാസ്സില്‍ പകുതി മാത്രം വരുന്ന fanta കൊടുത്തിട്ട് തൊണ്ണൂറു രൂപയും ടാക്സും ചേര്‍ന്ന ബില്ല് തരുമ്പോള്‍ , തുക കൊണ്ടു വെയിറ്റര്‍ മാരുടെ ഒരാഴ്ചത്തെ ഭക്ഷണ ചെലവ് നടക്കുമെന്ന് നിങ്ങള്‍ ആത്മഗതം ചെയ്തത് കൊണ്ടു എന്ത് ഫലം ?

ഇന്ത്യ കാണാന്‍ വന്ന ഞാന്‍ അമേരിക്കയെയാണ് കണ്ടത് ,ഇന്ത്യക്കാവും വിധം അമേരിക്കയെ അനുകരിക്കാന്‍ ശ്രമിക്കുന്നു ,വില നിലവാരാത്തില്‍ അമേരിക്കയെ കവച്ചു വെക്കുന്നു ,സ്വന്തം കീശയില്‍ നിന്നാണ് പണം മുടക്കുന്നതെങ്കില്‍ കണ്ണ് തള്ളിപോകും ,ഹോട്ടല്‍ നിരക്കുകള്‍ ഡോളറില്‍ കണക്കാക്കിയിട്ട് പിന്നെ രൂപയാക്കി മാറ്റുകയാണെന്ന് തോനുന്നു ,അമേരിക്കക്കാര്‍ മാത്രമല്ല ഇന്ത്യക്കാരും ഇവിടെ വരുന്നുണ്ടെന്ന് ഞാന്‍ കണ്ടു
മാറിയ വ്യവസ്ഥിതിയുമായി പൊരുത്തപെടാത്തത് ഞാന്‍ മാത്രമാണെന്ന് തോന്നുന്നു .."(ഇന്ത്യ ,അര്‍ദ്ധ രാത്രി മുതല്‍ അര നൂറ്റാണ്ട് ,പേജ് നും 312 )