Monday, September 14, 2009

കപ്പ ബിരിയാണി

കപ്പ ബിരിയാണി എന്ന വയനാടന്‍ ഭക്ഷണത്തിന് നവലോകത്തിന്റെ ആഹാര രീതികളെ അഭിസംഭോധന ചെയ്തുകൊണ്ട് ചിലത് സംസാരിക്കാനുണ്ട് ,

വയനാടിന്റെ
തനതു ഭക്ഷണമാകുന്നു കപ്പ ബിരിയാണി,

അല്ലെങ്കില്‍ ഭക്ഷണം എന്നത് അപൂര്‍വവും അമൂല്യവുമായിരുന്ന ഒരു ദുരിത കാലഘട്ടത്തിലൂടെ കടന്നു പോയ വയനാടന്‍ കുടിയേറ്റക്കാരന്റെ ജീവിതാനുഭവങ്ങളുടെ നിര്‍മിതിയാകുന്നു കപ്പ ബിരിയാണിയെന്ന ചേരുവ

കപ്പ എന്നത് നിത്യവൃത്തിയുടെയും ,ബിരിയാണി എന്നത് ആടംബരത്തിന്റെയും ഭക്ഷണ അടയാളങ്ങള്‍ ആണെന്നിരിക്കെ ആഹാര ശീലങ്ങളുടെ വിചിത്രമായ ഒരു സങ്കലനം ചുരുക്കം അതിന്റെ പേരിലെങ്കിലുമുണ്ട്

ഏത് സംസ്കാരത്തിന്റെ സ്വാധീനമാണ് എന്നറിഞ്ഞുകൂടാ വയനാട്ടില്‍ ചെറിയ ചായക്കടകള്‍ക്ക് 'മെസ്സ് ' എന്നാണ് പേര് ,കഞ്ഞി ,കപ്പ ബോട്ടി തുടങ്ങിയവയെക്കൂടാതെ കപ്പ ബിരിയാണിയും ഇത്തരം കടകളിലെ പ്രധാന ഇനമാണ് ,നാടന്‍ ഭക്ഷണങ്ങള്‍ക്ക്‌ നവകാലത്ത് വന്നു ചേര്‍ന്നിട്ടുള്ള വ്യാപാരമൂല്യം കൊണ്ടാകണം ചില ഉയര്‍ന്ന തരം ഹോട്ടലുകളിലെ മെനു ചാര്ട്ടുകളിലേക്കും കപ്പക്കും കപ്പ ബിരിയാണിക്കും സ്ഥാനക്കയറ്റം കിട്ടിയിട്ടുമുണ്ട് ഈയിടെ

എന്നാല്‍ വ്യത്യസ്തതമായ ഒരു ഭക്ഷണ പരീക്ഷണം എന്ന നിലയിലല്ല കപ്പ ബിരിയാണിയുടെ ഒറിജിന്‍.
കല്യാണം, പുരയികൂടല്‍ ,പള്ളിപരിപാടികള്‍ തുടങ്ങി ഭക്ഷണം വിളമ്പുന്ന ഏതൊരു ആഘോഷത്തിന്റെയും തലേരാത്രിയിലെ ഭക്ഷണം എന്ന നിലയിലാണ് കപ്പബിരിയാണിയുടെ ഉത്ഭവവും ഉപയോഗവും .
വിലകുരവുള്ളതും ധാരാളമായി ലഭ്യമായതുമായ കപ്പ ,പിറ്റേന്നത്തെ പ്രധാന വിരുന്നിനു വിളമ്പാനായി കശാപ്പ് ചെയ്ത കന്നുകാലിയുടെ ,മുഴനെഞ്ഞിന്‍ കൂട് എന്ന കടുപ്പം കുറഞ്ഞ അസ്ഥികള്‍ ,നാവ് ,നെയ്യ് തുടങ്ങിയ വരേണ്യ മല്ലാത്ത മാംസ ഭാഗങ്ങള്‍ എന്നിവയാണ് കപ്പ ബിരിയാണിയിലെ പ്രധാന ചേരുവകകള്‍
നെല്ല് പുളിപ്പിച്ച് സ്വയം വാറ്റിയെടുത്ത ഒരല്‍പം സ്വയമ്പന്‍ സാധനം കൂടെയുണ്ടെങ്കില്‍ (ഉണ്ടാകും )അത്താഴം അതികേമം

കപ്പബിരിയാണി എന്ന ഭക്ഷണത്തിന്റെ രുചി ,പാകം ,ചേരുവകകള്‍ ,അതിനെ ചുറ്റി പറ്റിയുള്ള ഗൃഹാതുരത്വം (ഗൃഹാതുരത്വം എന്ന വാക്കു കപ്പബിരിയാനിക്ക് ചേരാത്ത വിധം സ്വാത്വികവും ,സൌമ്യവുമാണോ ?,നിലാവ് ,പുഴ ,ഇടവഴികള്‍ ,അമ്പലം തുളസിക്കതിര്‍ എന്നിങ്ങനെയുള്ള അതിന്റെ സ്ഥിരം ബിംബങ്ങളിലേക്ക് കപ്പബിരിയാണിയുടെ എരിവു ഗന്ധത്തിന് എത്തി നോക്കാന്‍ പാടുണ്ടോ ആവോ .?) എന്നിവയെക്കുരിച്ചോന്നുമല്ല കുറിപ്പ് സംസാരിക്കാന്‍ ഉദ്ദേശിക്കുന്നത്.
( ഇനത്തില്‍ എന്തെങ്കിലും സംശയങ്ങള്‍ ഉള്ളവര്‍ക്ക് പാചക കാര്യത്തില്‍ എന്തിനും മരുപടിയുള്ള എന്റെ സുഹൃത്ത് സപ്നയെ സമീപിക്കാം ) മറിച്ച് കപ്പബിരിയാണി പ്രധിനിധാനം ചെയ്യുന്ന ഒരു ഭക്ഷണ സംസ്കാരത്തിന്റെ ലളിതമായ മര്യാദകളെ ക്കുറിച്ചാണ് നാം സംസാരിക്കുന്നത്

ഭക്ഷ്യ വസ്തുക്കളുടെ ന്യായവും യുക്തവുമായ ഉപയോഗത്തിന്റെ ഏറ്റവും തെളിച്ചമുള്ള അടയാളമാണ് കപ്പ ബിരിയാണി എന്ന വിനീത വിഭവം

കശാപ്പ് ചെയ്ത പോത്ത് എന്ന ഭക്ഷ്യവസ്തുവിന്റെ പരമാവധി ഉപയോഗത്തെയാണ് അത് അടയാളപ്പെടുത്തുന്നത്.
ഭക്ഷിക്കാനാകുന്നത് എന്ന ഒരു അളവുകൊലുകൊണ്ട് മാത്രം ഭക്ഷണത്തെ അളക്കുകയും , നല്ലത് ,ചീത്ത ,ഉത്തമം തുടങ്ങിയ അതിന്റെ അനുബന്ധ തരം തിരിവുകളെ പാടെ നിഷേധിക്കാതെ തന്നെ സന്ദര്‍ഭങ്ങള്‍ ക്കനുസരിച്ച് അതാത് ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നത് ഭക്ഷണത്തിന്റെ വിലയറിഞ്ഞ ഒരു സമൂഹത്തിന്റെ യുക്തിയാകുന്നു.

പ്രധാന ആഘോഷത്തിലെ അതിഥികള്‍ക്ക് പോത്തിറച്ചി വറുത്തും വെച്ചും വിളമ്പുമ്പോള്‍ ,അത്രമേല്‍ സാമൂഹ്യമായി സ്വീകാര്യമല്ലാത്ത ഇതര ഭാഗങ്ങളെ ഉപെക്ഷിച്ചുകളയാതെയുള്ള മാന്യമായ ഒരു ഉപയോങപ്പെടുത്തലാകുന്നു അത് ,ഭക്ഷിക്കാനാവുന്ന ഒന്നും വെറുതെ കളയാനുള്ളതല്ല എന്ന വിനീതമായ ഒരു ഓര്‍മപ്പെടുത്തല്‍ ..

ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത കോടിക്കണക്കിനു മനുഷ്യരും അവര്‍ക്ക് കഴിക്കാന്‍ വേണ്ടതിന്റെ ഇരട്ടിയിലധികം ഭക്ഷണം നിത്യേന ചവറ്റുകൂനയില്‍ തള്ളുന്ന ഒരു ന്യൂന പക്ഷവും ഒരേ സമയം നിലനില്‍ക്കുന്ന ഒരു രാജ്യമാകുന്നു നമ്മുടേത്‌.

ഭക്ഷണം എന്ന അതിന്റെ പ്രാഥമിക പ്രാധാന്യത്തില്‍ നിന്ന് ,സൌന്ദര്യം ,സാമൂഹ്യ സ്വീകാര്യത ,ആഡംബരം ,എന്നിങ്ങനെ അനവധി അനുബന്ധ തലങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളെ നാം തരാം തിരിക്കാന്‍ തുടങ്ങിയിരിക്കുന്നു

പ്രത്യേക തരം ആകൃതിയും വലിപ്പവുമുള്ള കാരറ്റുകള്‍
കൃത്യമായും ഉരുണ്ടതും വലിപ്പമുള്ളതുമായ ഉരുളക്കിഴങ്ങുകള്‍
ചുരുങ്ങിയത് ഇത്ര ഇഞ്ചെങ്കിലും വലിപ്പമുള്ള കരിമീന്‍ ....എന്നിങ്ങനെ പോകുന്നു അതിന്റെ പുതു തരം തിരിവുകള്‍ ..
അളവുകള്‍ പാലിക്കപ്പെടാത്ത ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗ ശൂന്യവും ഉപേക്ഷിക്കപ്പെടെണ്ടതുമാകുന്നു എന്ന ഒരു ഭക്ഷണധാരാളിത്തം നവലോകത്ത് വ്യാപകമാവുന്നു

അവനവന് ആവശ്യമുള്ളധിലധികം ഭക്ഷ്യ വസ്തുക്കള്‍ വാങ്ങിക്കൂട്ടുകയും ,അതിലേറെയും പാചകം ചെയ്തോ ചെയ്യാതെയോ ഉപേക്ഷിച്ചുകളയുകയും ചെയ്യുന്ന വാങ്ങല്‍ ശീലങ്ങളിലെ ധനിക ധാരാളിത്തം ഒരു നവ ശീലമായിരിക്കുന്നു , ഒന്നെടുത്താല്‍ മറ്റൊന്ന് ഫ്രീ എന്നാ കോമ്പോ പാക്കുകളുടെ വിപണന തന്ത്രം ഭൂരിപക്ഷത്തിന്റെ അടിസ്ഥാന ആര്‍ത്തിയെ ഉപയോഗപ്പെടുത്തുന്നു .
നൂറും നൂറ്റമ്പതും വിഭവങ്ങളുള്ള 'ബുഫെകള്‍' മനുഷ്യന്റെ മാന്യമായ ഭക്ഷണ ശീലങ്ങളെ പരിഹസിക്കുന്നു .
വീടുകളിലെ തീന്‍ മേശകളില്‍ ,വലിയ ഹോട്ടലുകള്‍ പോലുള്ള വിരുന്നു ശാലകളില്‍ ,ഉപരിവര്‍ഗ കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്കൂളുകളിലെ ലഞ്ച് ഹാളുകളില്‍ തുടങ്ങി ക്ഷേത്രം ഊട്ടുപുരകളില്‍ വരെ ഭക്ഷ്യ യോഗ്യമായ ഭക്ഷണം ധാരാളമായി ഉപേക്ഷിക്കപ്പെടുന്നു .

രണ്ടു കോടിയിലേറെ കുഞ്ഞുങ്ങള്‍ (അതില്‍ പകുതിയും ഭക്ഷണക്കുരവിനാല്‍) അഞ്ചാം പിറന്നാളിനും മുന്‍പേ മരിച്ചുപോകുന്ന ഒരു രാജ്യത്തിന്‌ ,കാലാവസ്ഥാ വ്യതിയാനവും,വിള നാശങ്ങളും കോടിക്കണക്കായ മനുഷ്യരെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട അത്രയും ഭക്ഷണത്തിനു പോലും നിവര്‍ത്തിയില്ലാത്തവരാക്കി മാറ്റുകയും ചെയ്യുന്ന മഹാഭാരതത്തില്‍ ഭക്ഷണ ധാരാളിത്തം എന്നെത് ഏറ്റവും ഹീനമായ വൈകൃതമാകുന്നു

ഭക്ഷിക്കാനാകുന്ന എന്തിനെയും എളുപ്പത്തില്‍ തര്‍ജമ ചെയ്യാവുന്നത് ,വെള്ളം ,വെളിച്ചം ,വായു ,മണ്ണ് എന്നിങ്ങനെയാണ് , ആയതു കൊണ്ടുതന്നെ ഭൂമിയില്‍ വിളയിക്കപ്പെടുന്ന ഓരോ ധാന്യവും അതിലെ മുഴുവന്‍ പേര്‍ക്കും അവകാശപ്പെട്ടതാകുന്നു .

ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിഒന്നാം വകുപ്പ് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ ഉറപ്പു തരുന്നുണ്ട് ,അങ്ങിനെയെങ്കില്‍ മരിക്കാതിരിക്കാന്‍ വേണ്ട അത്രയും ഭക്ഷണമെങ്കിലും അതിന്റെ പൌരന്മാര്‍ക്ക് ലഭ്യമാക്കേണ്ട ചുമതല അതിന്റെ ഭരണ കൂടത്തിനുണ്ട് .

ആകയാല്‍ ഓരോ പട്ടിണി മരണങ്ങളും ഓരോ കൊലപാതകങ്ങലാകുന്നു.
പാതി കടിച്ച ഒരു പഴമോ, രുചിപിടിക്കാത്തതിനാല്‍ കളഞ്ഞ കുഴച്ചു കൂട്ടിയ ഉച്ചയൂണോ , ചൂട് കുറഞ്ഞതിനാല്‍ മാറ്റിയെടുത്ത ഒരു കപ്പ് സൂപ്പോ ഉപേക്ഷിക്കുന്നവന്‍ മരണത്തിന്റെ ഉത്തരവാദിയുമാകുന്നു

മലയാള സിനിമയില്‍ ഭാര്യയോടു കലഹിക്കുന്ന നായകന്‍ മിക്കപ്പോഴും എണീറ്റ്‌ പോകുന്നത് പാതി കുഴച്ച ഭക്ഷണത്തിനു മുന്നില്‍ നിന്നാണ്
ഒരു കൊലപാതകത്തിലെ പ്രേരണ പ്രതിയായി അയാളെയും കൂട്ടണം നമുക്ക് .