Sunday, July 13, 2008

പ്രവാസത്തിനു വില പറയുമ്പോള്‍...


പത്തു വര്‍ഷത്തെ ദുരിത പ്രവാസത്തിന്റെ വിലയെന്നാല്‍ ഏതാണ്ട് ഒരു മുഴുവന്‍ ജീവിതത്തിന്റെയും വിലയാണ് ...,

കൈവിരലുകള്‍കിടയിലൂടെ അറിയാതെ ഊര്‍ന്നു പോയ ,മനസ്സും ശരീരവും ഒരുപോലെ മുറിപ്പെട്ട ഒരു നിസ്സഹായ ജീവിതത്തിന്റെ മുഴുവന്‍ വില ..

സ്വപ്നങ്ങളില്‍ മാത്രം ജീവിച്ച ഒരു ജീവിതം ,അതി ഹ്രസ്വമായ ടെലിഫോണ്‍ സംഭാഷണത്തിലൂടെയും അതിലേറെ ദീര്‍ഘ നിശ്വാസങ്ങളിലൂടെയും പങ്കുവെക്കപെട്ട കുടുംബവിശേഷങ്ങള്‍ ,
ചിത്രങ്ങള്‍ മാത്രം സാക്ഷ്യ പെടുത്തുന്ന അവന്റെ കുഞ്ഞുങ്ങളുടെ വളര്‍ച്ച ...

ഇക്കിളിഭാഷ കൊണ്ടു പ്രവാസജീവിതത്തെ നാണംകെടുത്തുന്ന കത്തുപാട്ടുകളും പുത്തന്‍ ആല്‍ബങ്ങളും കാണാതെ പോകുന്ന അവന്റെ നിശബ്ദമായ നിലവിളികള്‍......

ഇതിനെല്ലാംചേര്‍ത്ത് വിലയിട്ടാല്‍ എത്ര വരുമത് .....?

കൊല്ലത്തില്‍ ഒരു ആറായിരം രൂപ വരുമോ ....?

ഏകദേശം അത്രത്തോളം വരുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്

കേരള നിയമസഭ പാസ്സാക്കിയ പ്രവാസി പെന്‍ഷന്‍ ബില്‍ ദയവായി ശ്രദ്ധിക്കുക
കേരളം നിങ്ങളെ സ്നേഹിക്കുന്നില്ലെന്നു ഇനിമേല്‍ പറയരുത് ...
പ്രതിമാസം അഞ്ഞൂറ് രൂപകൊണ്ട് നിങ്ങളുടെ പ്രവാസത്തിനു പ്രായശ്ചിത്തം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു

കുറഞ്ഞത് പത്തു വര്‍ഷമെങ്ങിലും പ്രവാസ ജീവിതം നയിക്കുകയും വര്‍ഷത്തില്‍ മൂവായിരം രൂപ നിരക്കില്‍ അഞ്ചു വര്‍ഷമെങ്ങിലും മുടങ്ങാതെ വരിസ്സംഖ്യ അടക്കുകയും ചെയ്യുന്ന പ്രവാസികള്‍ക്കൊക്കെയും അവര്‍ അറുപതു വയസ്സിനു മുകളില്‍ ജീവിച്ചിരിക്കുകില്‍ പ്രതിമാസം അഞ്ഞൂറ് രൂപ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ദയവുണ്ടായി ഉത്തരവായിരിക്കുന്നു


നാണക്കേടുകള്‍ ഒരുപാടു സഹിച്ചു ശീലിച്ചവനാണ് പ്രവാസികളിലെ ദരിദ്രര്‍
ഈ ഒരു നാണം കെടുത്തല്‍ കൂടി അവര്‍ സഹിക്കുമായിരിക്കും
സഹന സമൃദ്ധമായ അവന്റെ ജീവതം അതിനവനെ സഹായിക്കട്ടെ ......