റിമൊട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ച് തനിയെ തുറക്കുന്ന വലിയൊരു ഗേറ്റും അതിനടുത്ത കാവല്‍ക്കാരന്റെ മുറിയുമായിരുന്നു അന്നത്തെ സംസാരവിഷയം.
പിന്നെ ഇന്നസെന്റിന്റേതടക്കം ധാരാളം വലിയ വീടുകള്‍ വന്നുനിറഞ്ഞു. പോകെ പോകെ ഉയര്‍ന്നു നിരന്നു നില്‍ക്കുന്ന പടുകൂറ്റന്‍ വീടുകള്‍ക്കിടയില്‍ വഴിയറിയാതെ വന്നുപെട്ട പോലെ ബാക്കിയായ ചുരുക്കം ചില ഓടുമേഞ്ഞ വീടുകളായി അത്ഭുതക്കാഴ്ച്ചകള്‍. വലിയ വീടുകള്‍ എന്നതിനേക്കാള്‍
വലിപ്പമേറിയ ഗേറ്റും മതിലും എന്നതായിരുന്നു ഞാന്‍ നടേ പറഞ്ഞ വീടുകളുടെ പ്രത്യേകത ,അത് അത്ര പരിചിതമായിരുന്ന ഒന്നായിരുന്നില്ല ഞങ്ങള്‍ക്ക് .
കാട്ടികുളം ഭരതന്റെ വീട് നിന്നിരുന്ന തെങ്ങിന്‍ പറമ്പില്‍ പ്രശസ്തമായിരുന്ന ഒരു കള്ള്ഷാപ്പായിരുന്നു അതിനു മുന്‍പ് ,ഇത്ര മനോഹരമായ വീട് വെച്ചിട്ടും ഇരിങ്ങാലക്കുട തൃപ്രയാര്‍ ബസ്, വീടിനു മുന്നില്‍ നിര്‍ത്തുമ്പോള്‍ കിളികള്‍ 'ഷാപ് ,ഷാപ്' എന്നുതന്നെ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ആ വീടിന്റെ
അഹംഭാവത്തെ നിരന്തരം തല്ലിക്കെടുത്തികൊണ്ടിരുന്നു.
ഞാന്‍ പറഞ്ഞുകൊണ്ട് വന്നത് മതിലുകളെകുറിച്ചാണ്, മതിലുകളെകുറിച്ച് സംസാരിക്കെണ്ടിവന്നത്, ഞാന്‍ വേലികളേക്കുറിച്ചു പറയാന്‍ ആഗ്രഹിക്കുന്നു എന്നത് കൊണ്ടാണ് .
വലിയ മതില്‍ പണിയുന്നതിനു മുന്‍പ് ഷാപ്പിനെച്ചുറ്റി മനോഹരമായ ഒരു വേലിയുണ്ടായിരുന്നു ആ പറമ്പിന്.ഇന്നത്തെപ്പോലെ ചെറുപ്പക്കാര്‍ ധാരാളമായി ഷാപ്പുകളില്‍ കയറുക പതിവില്ലാത്തതിനാല്‍ കുറിയ മുണ്ടുടുത്ത ചെത്ത് കാരുടെയും ,വലിയ മീശയുള്ള കുടിയന്മാരുടെയും ഭാഗിക ദൃശ്യവും,ഷാപ്പില്‍ വെന്തു കൊണ്ടിരിക്കുന്ന പലതരം കറികളുടെ എരിവു ഗന്ധവും ആ വേലിക്കുള്ളിലൂടെ നൂണ്ടും പതുങ്ങിയുമാണ് ഞങ്ങളില്‍ എത്തിക്കൊണ്ടിരുന്നത് .
നീരോലി എന്ന് വിളിക്കുന്ന എവിടെ ഒടിച്ചുകുത്തിയാലും പൊടിച്ചു പടരുന്ന ഒരുചെടിയായിരുന്നു ആ വേലിയില്‍ അധികഭാഗവും ,ചെറിയ മുന്തിരിപോലെ നിറയെ വയലറ്റ് പഴങ്ങള്‍ തൂങ്ങിനിന്നിരുന്ന അതിനെ ഞങ്ങള്‍ കുട്ടികള്‍ മഷിക്കായ ചെടി എന്നും വിളിച്ചു പോന്നു ,അതിനിടയില്‍ എപ്പോഴും നിറയെ പൂക്കളുമായി ഉയര്‍ന്നു നില്‍ക്കുന്ന മുളകുചെംബരത്തി,കടുത്ത പച്ചപ്പിനിടയില്‍ നിന്നും ഇടയ്ക്കിടെ തലനീട്ടുന്ന അഗ്നിപുഷ്പങ്ങള്‍ പോലെ തീപ്പൊരി എന്ന വള്ളിചെടിയുടെ കുഞ്ഞന്‍ പൂവുകള്‍ , അവിടവിടെയായി കാവടിപോലെ വര്‍ണപൂ ക്കുലകള്‍ തലയില്‍ ചൂടി കാടാറുമാസം എന്ന് വിളിപ്പേരുള്ള ഹനുമാന്‍ കിരീടം ,ഞങ്ങള്‍ പേരറിയാതെ ശംഖു പുഷ്പം എന്നുവിളിച്ചുപോന്ന നീലകോളാംബിയും ഒറിജിനല്‍ ശംഖു പുഷ്പവും ..
താനിശ്ശേരിയിലെ വീട്ടിലേക്കുള്ള മണല്‍ വഴിയുടെ രണ്ടുകരകളിലും നിറഞ്ഞു തിങ്ങിയ വേലി വ്യത്യസ്തമായിരുന്നു
എപ്പോഴും ഇരുണ്ട പച്ചപ്പുമായി നിറഞ്ഞു നിന്നിരുന്നത് ഇപ്പോള്‍ തീരെ കാണാതായ കരിങ്ങോട്ട മരങ്ങളായിരുന്നു ,മാങ്ങാ മാലയിലെ പതക്കങ്ങള്‍ പോലെയുള്ള പച്ചയും പഴുത്തതുമായ കായ്ക്കുലകള്‍ തൂങ്ങുന്ന മരത്തില്‍ നിറയെ പുളിയുറുമ്പുകള്‍ ആയിരുന്നു
പിന്നെ വെളിച്ചത്തിനായി മത്സരിച്ച് മുകളിലേക്കുയര്‍ന്ന് സ്വന്തം ഭാരത്താല്‍ ചരിഞ്ഞ് വഴിക്ക് മുകളില്‍ തണുപ്പിക്കുന്ന മേല്ക്കൂരയോരുക്കി നെടുനീളന്‍ കൈതകള്‍
കൈതപ്പൂവിന്റെ മനമോര്‍ക്കാത്ത ആരെങ്ങിലുമുണ്ടാകുമോ നാല്പതു കടന്നവര്‍ ?
സുഗന്ധങ്ങള്‍ കുപ്പികളില്‍ വന്ന് മൂക്കിനെ വശീകരിച്ചു വഷളാക്കും മുന്‍പ് കാറ്റില്‍ കലര്‍ന്ന് ഞാനൊന്നുമറിഞ്ഞില്ലേ എന്നാ മട്ടില്‍ മുഖത്തുരുമ്മി ബ്രമിപ്പിച്ചിരുന്നു കൈതപ്പൂവും ,ഇലഞ്ഞിയും ചെബകവുമൊക്കെ ...
അതിന്റെ ഇടയിലായിരുന്നു ചെമ്മീന്‍ പുളി എന്ന് പേരുണ്ടായിരുന്ന മുള്‍ചെടി
ഇളംപുളിപ്പുള്ള അതിന്റെ പരുപരുത്ത ഇലകള്‍ തിന്നു നോക്കാത്ത ഒരു കുട്ടിയുമുണ്ടായിരുന്നില്ല ഞങ്ങളുടെ നാട്ടില്‍ അന്ന് ....ഇളം മഞ്ഞയില്‍ വിരിഞ്ഞു നിറയുന്ന വെല്‍വെട്ടു പോലെയുള്ള അതിന്റെ പൂവിന്റെ തവിട്ടുനിറമുള്ള ഉള്ളിതല്‍ പേന മൂടികൊണ്ട് അമര്‍ത്തി മുറിച്ച് ഞങ്ങളുടെ കൂട്ടുകാരികള്‍ സ്റ്റിക്കര്‍ പൊട്ടുകള്‍ ഉണ്ടാക്കി...
പിന്നെ ഭംഗി കൊണ്ട് പ്രലോഭിപ്പിച്ചും വിഷം കൊണ്ട് ഭയപ്പെടുത്തിയും കുന്നിമണികള്‍ ..വേലിയില്‍ പടര്‍ന്ന വള്ളികളില്‍ നിന്നും താഴെ വീണു കിടന്ന് ഇത്തിരിക്കരുപ്പിന്റെയും കടുംച്ചുവപ്പിന്റെയും അതുല്യമായൊരു കോമ്പിനേഷന്‍ കൊണ്ട് കുന്നിക്കുരുക്കള്‍ കുഞ്ഞുങ്ങളെ പ്രലോഭിപ്പിച്ചു ..
അന്ന് വല്ലപ്പോഴും മാത്രം കേള്‍ക്കുന്ന ആത്മഹത്യകളിലെ പ്രധാന വില്ലന്‍ ഈ കുന്നിക്കുരുക്കലായിരുന്നു ,പിന്നെ അന്ന് കണ്ടു പരിചയമില്ലാതിരുന്ന ഉമ്മത്തിന്‍ കായയും(ഞാന്‍ വല്ലാതെ തേടി നടന്ന മറ്റൊരു കായയുണ്ട് "ഒതളങ്ങ" .. കാട്ടൂര്‍ സ്കൂളിലെ പരിഷ്കാരിയായ ഒരു അദ്ധ്യാപികയെ കുട്ടികള്‍ "ഒതളങ്ങ ടീച്ചര്‍ "എന്നായിരുന്നു വിളിച്ചു വന്നിരുന്നത് ,അതെന്തു കൊണ്ടാവാം എന്നാ കൌതുകത്തില്‍ നിന്നാണ് എന്റെ ഒതളങ്ങ തിരയല്‍ ആദ്യം ആരംഭിക്കുന്നത് ,പിന്നെ വെള്ളത്തിലൂടെ വിത്തുവിതരണം നടത്തുന്ന ചെടി എന്നതിന്റെ ഉദാഹരണമായി സയന്‍സ് ടീച്ചറും അത് തന്നെനിര്‍ബന്ധിച്ചു പഠിപ്പിച്ചു ,തോട്ടിറമ്പില്‍ നില്‍ക്കുന്ന തെങ്ങില്‍ നിന്ന് വീണ തേങ്ങകള്‍ വെള്ളത്തിലൂടെ ഒഴുകിപോകുന്നത് നിത്യവുംകാണുന്ന എന്നെ അവര്‍ ഒതളങ്ങ ,ഒതളങ്ങ എന്ന് ഇമ്പോസിഷന്‍ എഴുതിച്ചുകൊണ്ടെയിരുന്നു)
വീട് നില്‍ക്കുന്ന പറമ്പിലെ വേലി തീര്‍ത്തും വ്യത്യസ്തമായിരുന്നു ,കിട്ടാവുന്ന തരം ചെടികളൊക്കെയും അമ്മ വേലിക്കല്‍ നട്ടു,മൈലാഞ്ചി ,ചെമ്പരത്തി ,ഗന്ധരാജന്‍,നന്ദ്യാര്‍വാട്ടം,
വര്‍ഷാവര്‍ഷം ഇല്ലിമുള്ളും(പടല് എന്നാണ് മുളയെ ഞങ്ങള്‍ വിളിച്ചു കൊണ്ടിരുന്നത് ,നാടാകെ ചുറ്റിയിട്ടും,മുളയുടെ പറുദീസയായ വയനാട്ടിലെത്തിയിട്ടും ആ ഒരു പേര് ഞാന്‍ പിന്നീടെങ്ങും കേട്ടിട്ടുമില്ല )അട്യ്ക്കാമരത്തിന്റെ വാരികളും കൊണ്ട് കുറുമ്പന്‍ പുലയന്‍ എല്ലാ വര്‍ഷവും അവയെ ബലപ്പെടുത്തിക്കൊണ്ടിരുന്നു.
പട്ടിയുണ്ട് സൂക്ഷിക്കുക എന്നാ ബോര്‍ഡും നെഞ്ചില്‍ തൂക്കി "കടന്നു പോകരുത് "എന്ന് ആക്രോശിക്കുന്ന തരം മതിലുകളുടെ ക്രൌര്യമായിരുന്നില്ല ആ വേലിക്ക് ,വരൂ ,വരൂ എന്ന് സ്നേഹത്തോടെ അത് പരിചയക്കാരോട് ചിരിക്കുകയും ,ആരാ മനസ്സിലായില്ലല്ലോ എന്ന് അപരിചിതനോട് സൌമ്യമായി സംശയപ്പെടുകയും ചെയ്തു ..
കെട്ടഴിച്ചു വിട്ടു പോറ്റുന്ന അപ്പുനായരുടെ പശുക്കളെയും ,സരോജിനി ചേച്ചിയുടെ ആടുകളെയും മാത്രമായിരുന്നു അമ്മക്ക് തടുത്തു നിര്‍ത്തെണ്ടിയിരുന്നത് ,അവയാകട്ടെ മിക്കപ്പോഴും ആ ദുര്‍ബല പ്രതിരോധത്തെ തകര്‍ത്ത് അകത്ത് കടക്കുകയും എനിക്ക് ധാരാളമായി വഴക്ക് കേള്‍ക്കാനുള്ള അവസരം ഉണ്ടാക്കിവെക്കുകയും ചെയ്തു
വെളാനിയിലെ സ്കൂള്‍ നിന്നിരുന്ന സ്ഥലം ചരല്‍ പ്രദേശമായിരുന്നു ,ധാരാളം കല്ലുവെട്ടുകുഴികളുള്ള ചെമ്മന്നു നിറഞ്ഞ പ്രദേശം ,എന്റെ ചങ്ങാതി വര്‍ഗ്തീസിന്റെതടക്കം ധാരാളമായി ക്രിസ്ത്യാനി വീടുകളുണ്ടായിരുന്നു ആ വഴിയില്‍ ,ബോഗ്ഗൈന്‍ വില്ലകള്‍ കൊണ്ടുള്ള നിറമുള്ള വേലികളായിരുന്നു ആ വീടുകള്‍ക്ക് ,ബോഗ്ഗിനവില്ല എന്ന പേരൊന്നും പരിചയമുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക് ,കടലാസ് പൂക്കള്‍ എന്നാണ് ഞങ്ങള്‍ ഞങ്ങള്‍ പറഞ്ഞിരുന്നത്
ക്രിസ്ത്യാനികളുടെ വീടിന്റെ അടയാളമായാണ് കടലാസ് പൂക്കളെ ഞങ്ങള്‍ കുട്ടികള്‍ അന്ന് മനസ്സിലാക്കിയിരുന്നത് ,കടലാസ്സു കൊണ്ടുള്ള തോരണങ്ങളും ക്രിസ്ത്യാനികളുടെത് മാത്രമായിരുന്നു അന്ന് ,മുറ്റത്തു കുത്തി നിറുത്തിയ വലിയ വാഴ പിണ്ടികളില്‍ കടലാസ് കൊടികള്‍ ഭംഗിയായി കുത്തിവെച്ചും,കടലാസ് തോരണങ്ങള്‍ തൂക്കിയും അവര്‍ പിണ്ടിപ്പെരുന്നാല്‍ ആഘോഷിച്ചു ,പിണ്ടിപെരുന്നാളിനു ശേഷമുള്ള ദിവസങ്ങളില്‍വര്‍ണകടലാസുകളും ,അല്ലാത്തപ്പോള്‍ കടലാസ് പൂക്കളും കുപ്പിവെള്ളത്തില്‍ ഇട്ടു വെച്ച് ഞങ്ങള്‍ വെള്ളത്തിനു നിറം ചേര്‍ത്തു ..
ചുവപ്പും വെള്ളയും പൂക്കളുള്ള ബോഗൈന്‍ വില്ലകള്‍ അതിരിടുന്ന ചെറിയ മുറ്റം ..മുറ്റത്ത് ഉണക്കാന്‍ നിരത്തിയ നാളികേര മുറികള്‍ ..നാളികേര വെള്ളത്തിന്റെ പുളിപ്പിക്കുന്ന മണം,ഉണക്കമാന്തളിന്റെ തലപോലെയുള്ള വെന്തിങ്ങയും കഴുത്തില്‍ തൂക്കി ഷര്‍ട്ടിടാതെ ഇറയത്തിരിക്കുന്ന വര്‍ക്കി മാപ്ല ....
ലാലുപ്രസാദ് യാദവ് എന്ന മന്ത്രിയെ ടെലിവിഷനില്‍ കാണുമ്പോഴൊക്കെ ഞാന്‍ വര്‍ക്കി മാപ്ലയെ ഓര്‍മ്മിക്കുകയും ഈ ദ്രിശ്യങ്ങളിലേക്ക് അറിയാതെ തലകുത്തിവീഴുകയും ചെയ്യുന്നു ..
കള്ളിചെടികളും,കൊങ്ങിണിയും ഇടതൂര്‍ന്നു വളര്‍ന്നു നിന്നിരുന്ന അതിരില്‍ പുന്നയും മരോട്ടിയും കാഞ്ഞിരമരങ്ങളും വളര്‍ന്നു നിന്നു.മരത്തണലില്‍ വളരുന്ന പാണല്‍ ചെടികള്‍ക്കിടയിലെ എലികള്‍ തീര്‍ത്ത മാളങ്ങളില്‍ മൂര്‍ഖന്‍ പാമ്പുകള്‍ സുഖ വിശ്രമം കൊണ്ടു..
തേങ്ങയും മടലും പെറുക്കാന്‍ വരുന്ന ചെറുകിട മോഷ്ടാക്കളെ ഒഴിച്ച് മറ്റെല്ലാവരെയും ഭയം കൊണ്ട് അത്തരം വേലികള്‍ അകറ്റി നിറുത്തി .
നന്നായി പഴുത്ത മുള്ളന്‍ പഴങ്ങളും ,പഴുത്ത പാണലും വല്ലാതെ പ്രലോഭിപ്പിക്കുമ്പോള്‍ പോലും കുട്ടികള്‍ അത്തരം വേലികളില്‍ നിന്നും മനപ്രയാസത്തോടെ അകന്നു നിന്നു .
അങ്ങനെ എത്രയോ തരം വേലികള്‍ ..
നായ്ക്കരിമ്പ് എന്ന് വിളിച്ചുപോന്ന കരിമ്പുപോലെയുള്ള ചെടികള്‍ തിങ്ങിനിരഞ്ഞിരുന്ന വേലിയുമായി പാവടിപാലത്തിനടുത്തു തോട്ടിറമ്പില്‍ കുമാരേട്ടന്റെ ചെറിയ വീടുനിന്നിരുന്നു ,തെക്കേ താനിശ്ശേരിയിലെ വേലന്‍ വൈദ്യന്റെ വീട്ടുവേലിയില്‍ വലിയ ആടലോടകവും ചങ്ങലംപരണ്ടയും ഇണപിരിഞ്ഞുകിടന്നു.
ഏതാണ്ടെല്ലാ വേലികളിലും മോഹിപ്പിക്കുന്ന മണവുമായി കാട്ടുചെമ്പകവും,മുല്ലയും പൂത്തുനിറഞ്ഞു....
എന്തൊക്കെയുണ്ടായിരുന്നു വേലിയില്‍.. ?എന്തില്ലായിരുന്നു വേലിയില്‍ എന്ന് ചോദിക്കുന്നതായിരിക്കും കുറേക്കൂടി എളുപ്പം ..
കുളത്തിലേക്ക് കുളിക്കാന്‍ പോകുംവഴി നാട്ടിലെ സ്ത്രീകള്‍ക്ക് ഒടിചെടുക്കാന്‍ താളിയായി നീരോലിയും ചെമ്പരുത്തിയും ,കയ്യില്‍ ചായമിടാന്‍ മൈലാഞ്ചി
കുഞ്ഞുങ്ങളുടെ മുറിവുണക്കാന്‍ മുറികൂട്ടിപാലയുടെ പശ .വലിയച്ഛന്റെ ചുമക്ക് ചെറിയാടലോടകം,അമ്മക്ക് ഇത്തിരിക്കൂട്ടാന് ചീരയും കോവലും
കുഞ്ഞുങ്ങള്‍ക്ക് സ്കൂളില്‍ പോകും വഴി പൊട്ടിച്ചു തിന്നാന്‍ പലവിധം കായ്കളും പഴങ്ങളും ,സ്ലേടു മാക്കാന്‍ മഷിത്തണ്ട് ചെടി ,സ്കൂളില്‍ നേരത്തെ പോയതിന്റെ അടയാളമായി ഓടിച്ചിടാന്‍ ഇലതൂപ്പ് ,കുട്ടികള്‍ക്ക് കണ്ണില്‍ വെച്ച് തണുപ്പിക്കാന്‍ മഞ്ഞു തുള്ളിയെ കാത്തു വെക്കുന്ന പുല്ലിന്‍ തുമ്പുകള്‍, ഓണക്കാലത്ത് പൂക്കളമിടാന്‍ ധാരാളമായി പലവിധം പൂവുകള്‍ ..
അത്യാവശ്യമായി സ്വയം പ്രതിരോധത്തിനോ,ആക്രമണത്തിനോ ആയി പൊടുന്നനെ ഊരിഎടുക്കാന്‍ ഒരു വേലിപ്പത്തല്‍ ,കാക്കകള്‍ക്ക് കൂടൊരുക്കാന്‍ ചുള്ളിക്കമ്പുകള്‍ ,കുഞ്ഞിക്കുരുവികള്‍ക്ക് കൂടുവെക്കാനും,ചെലാട്ടിക്കിളികള്‍ക്ക് കലപില കൂട്ടാനും പലവിധം ചെടികള്‍ ഓര്‍ത്തെടുക്കാന്‍ ഓരോരുത്തര്‍ക്കും ഇനിയുമേരെയുണ്ടാകും വേലിയില്‍ നിന്നും .....
ചെടികള്‍ക്ക് പുറമേ ജീവിവര്‍ഗങ്ങളും കുറവായിരുന്നില്ല വേലിയില്‍
ഓണക്കാലത്ത് പൂക്കളോടൊപ്പം തുമ്പികളും നിറയും വേലിയില്‍ ,പിന്നെ ചിത്രശലഭങ്ങളുടെ വര്‍ണഘോഷം,ചുവപ്പും പച്ചയുമായി നിറംമാറി ഒളിക്കുന്ന ഓന്തുകള്‍ ,ഒന്തുകളെ ലക്ഷ്യമിട്ട് ഞാനൊന്നുമറിഞ്ഞില്ല എന്ന ഭാവത്തില്‍ ഉപ്പന്‍ എന്ന ചെമ്പോത്ത് ,കലപിലകൂട്ടികൊണ്ട് കുളക്കൊഴിത്തള്ളയും കുഞ്ഞുങ്ങളും ,അവയെ നോട്ടമിട്ട് നരച്ച വയസ്സന്‍ കീരി,പചിലകള്‍ക്കിടയില്‍നിന്നുംപൊടുന്നനെ വെളിച്ചത്താവുന്ന ഒരു പച്ചില പാമ്പ് ,വേലിക്കൂട്ടില്‍ നിന്നും ധൃതി വെച്ചിറങ്ങി എന്തോ മറന്നെന്ന പോലെ തിരിച്ചു കയറുന്ന വൃത്തിയുള്ള അരണകള്‍,ഇലകളില്‍ തൂങ്ങി ദൈവത്തിനുള്ള എണ്ണയുമായി പോകുന്ന എണ്ണക്കാരന്‍ പുഴു
ജൈവശാസ്ത്രപരമായി നോക്കുമ്പോള്‍ വളരെ ബ്രഹുത്തായ ഒരു ആവാസ വ്യവസ്ഥ കൂടിയായിരുന്നു വേലികള്‍
ഇന്നിപ്പോള്‍ മതിലുകള്‍ വേലികളെ തിന്നുതീര്‍ത്തിരിക്കുന്നു ,പലതായി പലതവണ മുറിക്കപ്പെട്ട പറമ്പുകളില്‍ നെടുകെയും കുറുകെയും വെയിലേറ്റ് മതിലുകള്‍ പൊള്ളി നില്‍ക്കുന്നു ,വല്ലപ്പോഴും പറന്നെത്തുന്ന കാക്കകള്‍ പോലും മതിലുകളില്‍ കാലുപൊള്ളി തിരിചുപറക്കുന്നു....
സ്വപ്നത്തിന്റെ ദുര്‍ബലവേലികളെ പോളിച്ചടുക്കികൊണ്ട് യാഥാര്‍ത്ഥ്യത്തിന്റെ പെരും കാളഎന്നെ ഭീഷണിപ്പെടുത്തുന്നു
നഷ്ടസ്വര്‍ഗങ്ങലേക്കുരിച്ചു വിലപിച്ചുകൊണ്ടിരിക്കുന്നവന്‍ ഭീരുവും മടിയനുമാകുന്നു ,വല്ലാതെ മാറിയ ഒരു ലോകത്തില്‍ ഇത്തരം ചിന്തകള്‍ ശിക്ഷാര്‍ഹം കൂടിയാണ്
പുറത്തു പോകുന്നതിനു മുന്‍പ് വാതിലുകളും ഗേറ്റും ശരിയായി പൂട്ടിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക
കഴിയുമെങ്കില്‍ താത്കാലികമായെങ്കിലും ഒരു കാവല്‍ക്കാരനെ നിയമിക്കുക
അവന്‍ വിശ്വസ്തനാണോ എന്നറിയാന്‍ മറ്റൊരാളെക്കൂടി ഏര്‍പ്പാടാക്കിയാല്‍ നന്നായി