Thursday, September 25, 2008

പ്രണയത്തിന്റെ വൃത്തികെട്ട സ്മാരകങ്ങള്‍

ടെലിവിഷനില്‍ റിലയന്‍സിന്റെ പുതിയ പരസ്യം ദയവായി ശ്രദ്ധിക്കുക
നന്നായി പെയ്യുന്ന മഴയില്‍ വിജനമായ ദേശിയ പാതയില്‍ നിന്നും ഉത്സാഹത്തോടെ ഭാര്യയോടു സംസാരിക്കുകയാണ് അയാള്‍, വ്യക്തമായി അയാള്‍ക്ക് കേള്‍ക്കാം, അത്രക്കുമുണ്ട് സെല്‍ ഫോണിന്റെ കവറേജ് ..ഹൈവേയില്‍ മുഴുവനുമുണ്ട് സിഗ്നല്‍ ,വേറെ ആര്‍ക്കുമില്ലാത്ത സൌകര്യങ്ങളാണ് കമ്പനിക്ക്

അയാളും ഭാര്യയും വല്ലാത്ത ഒരു ത്രില്ലില്‍ ആണ് ,സൂക്ഷ്മമായ സംഗീതവും ഭംഗിയുള്ള പശ്ചാത്തലവും,കൃത്യമായ ഷോട്ടുകളും അവരുടെ ജിഞാസയെ ശരിയാം വിധം നമ്മിലേക്ക്‌ പകരുന്നുണ്ട്

അയാള്‍ എന്തോ തിരയുകയാണ് ,ഭാര്യ അയാളെ സഹായിക്കുന്നു ,അടയാളങ്ങള്‍ കൂടുതല്‍ ഓര്‍മ അവള്‍ക്കാണ് ,അതെ, മൈല്‍കുറ്റിയുടെ അടുത്ത് പൊളിയാന്‍ തുടങ്ങിയ സ്മാരക മന്ദിരത്തിന്റെ തൂണില്‍
അയാള്‍ അത് കണ്ടെത്തുക തന്നെ ചെയ്തു വിവാത്ത്തിനു മുന്‍പ് അവര്‍ നടത്തിയ പ്രണയ യാത്രക്കിടയിലെപ്പോഴോ ഒരുമിച്ചു കോറിയിട്ട പ്രണയ സൂക്തങ്ങള്‍ ...
നമുക്കു കാണാം അയാളില്‍ പഴയ കാമുകന്‍ ഉണരുന്നുണ്ട് ,
ടെലിഫോണ്‍ ചേര്‍ത്തു വെച്ച അവളുടെ കവിളുകള്‍ ചുവന്നു തുടുക്കുന്നുണ്ട് ,സംഗീതം മൃദുവായി നമ്മെ തലോടുന്നുണ്ട്‌ ..ഒരു പരസ്യം എന്ന നിലയില്‍ നൂറിനും മുകളിലാണ് നൂറില്‍ അതിന് മാര്‍ക്ക്

പ്രണയത്തിന്റെ സ്മാരകങ്ങള്‍ ഏതെല്ലാം വിധത്തില്‍ ആവാം ..?
താജ് മഹല്‍ പോലെ കെട്ടിയുയര്‍ത്തിയവ ..
വിറയ്ക്കുന്ന ചുണ്ടുകളാല്‍ നല്കിയ ഒരു പരിഭ്രമ ചുംബനം ...
ഇടവഴിയില്‍ വേറിട്ട്‌ കേള്‍ക്കുന്ന ഒരു സൈക്കിള്‍ ബെല്‍,ആള്‍ക്കൂട്ടത്തില്‍ വെച്ചു തനിക്ക് മാത്രമായി കിട്ടിയ ഒരു പാതി നോട്ടം, എന്നിങ്ങനെ മനസ്സില്‍ പതിച്ചിട്ട അനുഭവങ്ങളുടെ വര്‍ണ പൊട്ടുകള്‍ ...
അനന്തമാണ്‌ അതിന്റെ സാദ്ധ്യതകള്‍ .....ഓരോരുത്തര്‍ക്കും അവരവരുടെത് മാത്രമായവ

പ്രണയത്തിന്റെ സ്മാരകങ്ങളില്‍ ഏറ്റവും വൃത്തികെട്ടവയാണ് പൊതുസ്ഥലങ്ങളില്‍ കോറിയിടുന്ന ചപല ജല്പനങ്ങള്‍ ...
പരിഷ്ക്രത വേഷ ധാരിയായ നായകനും നായികയും മുഖം മൂടികളഴിഞ്ഞു വീണ് ജാല്യരായി നില്ക്കുന്ന ഒരു അവസാന ഷോട്ട് കൂടി വേണ്ടതുണ്ട് ആ പരസ്യ ചിത്രം പൂര്‍ത്തിയാവാന്‍ ....
എത്ര മാത്രം പ്രാകൃതരാന്നവര്‍.
സഞ്ചാരികളെത്തുന്ന ഏതാണ്ട് എല്ലാ ഇടങ്ങളിമുണ്ട് ഇത്തരം വികൃത മനസ്സുകള്‍ ,
മനുഷ്യന്‍ ശിരസ്സു നമിക്കേണ്ട മഹാ സ്മാരകങ്ങളുടെ ചുമരുകളില്‍ ,മഹാവൃക്ഷങ്ങളുടെ വേരിലും തടിയിലും ,ഉദ്യാന വൃക്ഷങ്ങളുടെ ഇലകളില്‍ പോലും പ്രണയ ചിഹ്നങ്ങള്‍ കോറിയിട്ടു സ്വന്തം അല്പത്ത്വം പ്രസ്സിദ്ധപ്പെടുത്തുന്നവര്‍ ..
നിങ്ങളുടെ പ്രണയം എത്രമേല്‍ സുന്ദരമെങ്കിലും അതിന്റെ എല്ലാ ഭംഗിയും കെടുത്തി കളയുന്നു അത്

അതെ ,പ്രണയത്തിന്റെ ഏറ്റവും വൃത്തികെട്ട സ്മാരകങ്ങളാണ് ഈ വികൃതാക്ഷരങ്ങള്‍

വാല്‍കഷണം
വായു ഇല്ല ..റേഞ്ച് ഉണ്ട്
ഭക്ഷണം ഇല്ല ..റേഞ്ച് ഉണ്ട്
വെള്ളം ഇല്ല ...റേഞ്ച് ഉണ്ട്
എന്ത് സുഖം ..ഇനി റേഞ്ച് കൊണ്ടു മാത്രം ജീവിക്കാന്‍ കഴിയുന്ന കുറച്ചു മനുഷ്യര്‍ കൂടി ഉണ്ടായാല്‍ മതി .