Sunday, July 13, 2008

പ്രവാസത്തിനു വില പറയുമ്പോള്‍...


പത്തു വര്‍ഷത്തെ ദുരിത പ്രവാസത്തിന്റെ വിലയെന്നാല്‍ ഏതാണ്ട് ഒരു മുഴുവന്‍ ജീവിതത്തിന്റെയും വിലയാണ് ...,

കൈവിരലുകള്‍കിടയിലൂടെ അറിയാതെ ഊര്‍ന്നു പോയ ,മനസ്സും ശരീരവും ഒരുപോലെ മുറിപ്പെട്ട ഒരു നിസ്സഹായ ജീവിതത്തിന്റെ മുഴുവന്‍ വില ..

സ്വപ്നങ്ങളില്‍ മാത്രം ജീവിച്ച ഒരു ജീവിതം ,അതി ഹ്രസ്വമായ ടെലിഫോണ്‍ സംഭാഷണത്തിലൂടെയും അതിലേറെ ദീര്‍ഘ നിശ്വാസങ്ങളിലൂടെയും പങ്കുവെക്കപെട്ട കുടുംബവിശേഷങ്ങള്‍ ,
ചിത്രങ്ങള്‍ മാത്രം സാക്ഷ്യ പെടുത്തുന്ന അവന്റെ കുഞ്ഞുങ്ങളുടെ വളര്‍ച്ച ...

ഇക്കിളിഭാഷ കൊണ്ടു പ്രവാസജീവിതത്തെ നാണംകെടുത്തുന്ന കത്തുപാട്ടുകളും പുത്തന്‍ ആല്‍ബങ്ങളും കാണാതെ പോകുന്ന അവന്റെ നിശബ്ദമായ നിലവിളികള്‍......

ഇതിനെല്ലാംചേര്‍ത്ത് വിലയിട്ടാല്‍ എത്ര വരുമത് .....?

കൊല്ലത്തില്‍ ഒരു ആറായിരം രൂപ വരുമോ ....?

ഏകദേശം അത്രത്തോളം വരുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്

കേരള നിയമസഭ പാസ്സാക്കിയ പ്രവാസി പെന്‍ഷന്‍ ബില്‍ ദയവായി ശ്രദ്ധിക്കുക
കേരളം നിങ്ങളെ സ്നേഹിക്കുന്നില്ലെന്നു ഇനിമേല്‍ പറയരുത് ...
പ്രതിമാസം അഞ്ഞൂറ് രൂപകൊണ്ട് നിങ്ങളുടെ പ്രവാസത്തിനു പ്രായശ്ചിത്തം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു

കുറഞ്ഞത് പത്തു വര്‍ഷമെങ്ങിലും പ്രവാസ ജീവിതം നയിക്കുകയും വര്‍ഷത്തില്‍ മൂവായിരം രൂപ നിരക്കില്‍ അഞ്ചു വര്‍ഷമെങ്ങിലും മുടങ്ങാതെ വരിസ്സംഖ്യ അടക്കുകയും ചെയ്യുന്ന പ്രവാസികള്‍ക്കൊക്കെയും അവര്‍ അറുപതു വയസ്സിനു മുകളില്‍ ജീവിച്ചിരിക്കുകില്‍ പ്രതിമാസം അഞ്ഞൂറ് രൂപ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ദയവുണ്ടായി ഉത്തരവായിരിക്കുന്നു


നാണക്കേടുകള്‍ ഒരുപാടു സഹിച്ചു ശീലിച്ചവനാണ് പ്രവാസികളിലെ ദരിദ്രര്‍
ഈ ഒരു നാണം കെടുത്തല്‍ കൂടി അവര്‍ സഹിക്കുമായിരിക്കും
സഹന സമൃദ്ധമായ അവന്റെ ജീവതം അതിനവനെ സഹായിക്കട്ടെ ......

11 comments:

usha said...

ഭൂരിഭാഗം പ്രവാസികളും സാമ്പത്തിക പരാധീനതകൾ ഉള്ളവരാ.. ജീവിതത്തിൽ ഉയർച്ച ഉണ്ടാവരെക്കാൾ അതൊരു സ്വപ്നം ആയി അവശേഷിക്കുന്നവരാ കൂടുതൽ... അവരെ മനസ്സിലാക്കാൻ കഴിയുന്ന അവർക്ക് ഒരു താങ്ങാവുന്ന ഒരു സമൂഹം എന്നെങ്കിലും ഉണ്ടാവുമോ....... അതു അവന്റെ സ്വപ്നം പോലെ അവശേഷിക്കുന്നു.......

അനില്‍@ബ്ലോഗ് // anil said...

സതീഷ്,
നല്ല ശ്രമം.
പക്ഷെ സര്‍ക്കാര്‍ തലത്തില്‍ കാര്യങ്ങള്‍ എത്രമാത്രം ഫലവത്താവും എന്ന് ആശങ്കയുണ്ടു.സര്‍ക്കാരിനു പുരത്ത് മറ്റെന്തെങ്കിലും കൂട്ടായ്മ സാധ്യമാകുമൊ?

Sapna Anu B.George said...

പ്രവാസിയുടെ പ്രവാസത്തെ അപ്പാടെ മനസ്സിലാക്കിയതില്‍ അതിയായ സന്തോഷം....സതീഷ്.സ്വന്തം കുടുംബത്തില്‍ നിന്നും ഇതിലേറെ നാണക്കേടുകളും തരം താഴ്ത്തലുകളും, മറ്റും അനുഭവിച്ചു തഴമ്പിച്ച തുരുമ്പിച്ച പ്രവാസിമനസ്സുകള്‍ക്ക് ഈ 6000 രൂപ മരുന്നിനെങ്കിലും തികയുമല്ലൊ എന്നു ആശ്വസിക്കാം.....ഒരു ഉത്തമസംരംഭം , ഇനിയും എഴുതൂ കൂടുതല്‍.....

വയനാടന്‍ said...
This comment has been removed by the author.
വയനാടന്‍ said...

ഉഷ,അനില്‍,സപ്ന.
മനുഷ്യനെ കാണാന്‍ കഴിയുന്ന കണ്ണുകള്‍ക്ക്‌ നന്ദി

ഹന്‍ല്ലലത്ത് Hanllalath said...

നെഞ്ചില്‍ കൊള്ളുന്ന വരികള്‍
ആശംസകള്‍...!

Bindhu Unny said...

നമ്മുടെ നാട്ടിലെ മറ്റുപല കാര്യങ്ങള്‍ക്കുമെന്ന പോലെ, സര്‍ക്കാരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാതിരിക്കയാവും നല്ലത്. അനില്‍ പറഞ്ഞ പോലെ പ്രവാസികളുടെ തന്നെ ഒരു കൂട്ടായ്മ സാദ്ധ്യമാണെങ്കില്‍ ...

joice samuel said...

നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!

ശ്രീവല്ലഭന്‍. said...

:-(

സ്മിതം said...

പ്രവാസ വിഷയങ്ങളില്‍ എവിടെയും കേള്‍ക്കുന്ന ശബ്ദമാണ് “കൂട്ടായ്മ” എന്നത്, ഇന്നേവരെ ഇതെവിടേയും ഫലത്തില്‍ കാണുന്നില്ല, സര്‍ക്കാര്‍ ഒരു പദ്ധതിയുമായി മുന്നിട്ടിറങ്ങുമ്പോള്‍, അതിനുമപ്പുറത്തേക്കു മറുകണ്ടം ചാടാന്‍ പ്രവാസിയെ തെര്യപ്പെടുത്തുന്ന വികാരം എന്തായിരിക്കണം. സര്‍ക്കാര്‍ മെഷിനറിയുമായി സഹകരിക്കുന്നതല്ലേ നല്ലത്.

ഗൗരിനാഥന്‍ said...

നാണക്കേടുകള്‍ ഒരുപാടു സഹിച്ചു ശീലിച്ചവനാണ് പ്രവാസികളിലെ ദരിദ്രര്‍
ഈ ഒരു നാണം കെടുത്തല്‍ കൂടി അവര്‍ സഹിക്കുമായിരിക്കും ...തീര്‍ച്ചയായും സഹിക്കും...നാണാക്കേട് എന്ന് ഒന്നുണ്ടോ..അത് കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ വെച്ചെ നഷ്ടപെട്ടിട്ടുണ്ടാകും..മറുനാട്ടില്ലും സ്വന്തം നാട്ടിലും രണ്ടാംകിടയായിരിക്കുന്നത് നമ്മള്‍ മാത്രമായിരിക്കും..