Monday, April 27, 2009

ചന്ദനം മണക്കുമ്പോള്‍ ........

ഇന്നലെ രാത്രിയില്‍ വീടിനു മുന്നിലെ ചന്ദന മരം ആരോ കട്ട് കൊണ്ട് പോയി ,ആ ഒരു മരം മാത്രമല്ല, ഒരു പാട് ചന്ദന മരങ്ങള്‍ കൊള്ള ചെയ്തതില്‍ ആ മരവും പെട്ടുപോയി ..
വീട് നില്‍ക്കുന്ന കുപ്പാടിക്കുന്ന്‍ ചന്ദന മരങ്ങള്‍ക്ക്‌ പ്രസിദ്ധമാണ് ,മരയൂരിലോളം വരില്ലെങ്കിലും വയനാട്ടില്‍ ഭേദപ്പെട്ട നിലയില്‍ ചന്ദനം വളരുന്ന ഒരു പ്രദേശമാണ് ഇവിടം ...
ഇടയ്ക്കിടെ മുടങ്ങുന്ന പ്രഭാത സവാരിക്കിടയില്‍ ആയതിന്റെ ഒരു കണക്കെടുപ്പുമുണ്ട് എനിക്ക് .....

മോഷണം പോയ മരം സാമാന്യം വലിപ്പമുള്ളതായിരുന്നു ,ഇതാണ് ചന്ദനമരം എന്ന് ഒരുപാട് പേര്‍ക്ക് ഞാന്‍ പരിചയപ്പെടുത്തിയിട്ടുണ്ട് ആ മരത്തിനെ ,അതെയോ എന്ന് കൌതുകത്തോടെ ഇല ഒടിച്ചു മണത്തു നോക്കാറുണ്ട് സാക്ഷാല്‍ മൈസൂര്‍ സാന്റല്‍ സോപ്പിന്റെ നാട്ടുകാര്‍ വരെ ...

പുലര്‍ച്ചെ എണീറ്റ്‌ നോക്കുമ്പോള്‍ കാണാതായത് ആ മരത്തിനെയാണ്‌
പുലര്‍ച്ചെ കാണാതായി എന്ന പ്രയോഗത്തില്‍ ഒരു ശരികേടുണ്ട് ..രാവിലെ നോക്കുമ്പോള്‍ മരമില്ല എന്നത് എനിക്ക് മനസ്സിലായില്ല ,അത്രക്കും വിദഗ്ടമായാണ് മോഷണം ,
ചന്ദന മരത്തിന്റെ ചില്ലകളും കൊമ്പുകളും ഉള്ള മുകള്‍ഭാഗം കയറുകൊണ്ട് മറ്റു മരങ്ങളിലേക്ക് വലിച്ചു കെട്ടിയിട്ടാണ് തടി മാത്രം അറുത്തു കൊണ്ടുപോയത് .
നോക്കുമ്പോള്‍ മരം അവിടെത്തന്നെയുണ്ട്‌ ഭൂമിയുമായി ഒരു ബന്ധവുമില്ല എന്നെ ഉള്ളൂ ..

ചന്ദനക്കൊള്ള എന്ന് കേട്ടാല്‍ ആദ്യം ഓര്‍മ വരുന്നത് സാക്ഷാല്‍ വീരപ്പനെയാണ് ,
പാവം വീരപ്പന്‍ എല്ലാ കൊള്ളയും അയാളുടെ തലയിലായിരുന്നു ജീവിച്ചിരുന്ന കാലത്ത് ,
ഇതിപ്പോള്‍ മോഷ്ടാവ് അടുത്തെവിടെയോ ഉള്ളവനാണ് ,തീര്‍ച്ചയായും ഒരിക്കലെങ്കിലും ഞാന്‍ കണ്ടിട്ടുള്ള ഒരാള്‍ എന്നെപ്പോലെ പുലര്‍ച്ചയിലോ വൈകുന്നെരത്തോ ചന്ദനത്തെയും നോക്കി ചില പ്ലാനുകളുമോക്കെയായി പലവട്ടം നടന്നിട്ടുണ്ടാവും അയാളും ഇത് വഴി .
ഏതൊരു മോഷണവും ആദ്യം ഒരു അരക്ഷിത ബോധമാണ് നമ്മില്‍ ഉണര്‍ത്തുക.
ഈശ്വരാ , ഇന്നലെ ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കുറേപ്പേര്‍ അതിക്രമിച്ചു ഇത്രയും ചെയ്തുവല്ലോ എന്ന ഒരു ഭയം പൊടുന്നനെ നമ്മെ പിടികൂടും ,പിന്നെയാണ് മുതല്‍ നഷ്ടത്തെ കുറിച്ചുള്ള ചിന്തകള്‍ കയറിവരിക.

ചന്ദന മോഷണത്തില്‍ രണ്ടാമത് പറഞ്ഞ കാര്യം ഇല്ല ,കാരണം ആരുടെ പറമ്പില്‍ നില്‍ക്കുന്നതായാലും ചന്ദനം സര്‍ക്കാരിന്റെയാണ് ,സര്‍ക്കാര്‍ മുതല്‍ കട്ട് പോയാല്‍ നമുക്കെന്തു ചേതം ,അത്രയ്ക്ക് പൌര ബോധമോക്കെയെ മഹത്തായ രാജ്യം നമ്മെ പഠിപ്പിച്ചിട്ടും ഉള്ളൂ ..

മൃദുവും ഊഷ്മളവുമായ സ്വന്തം പരിമളമാണ് ചന്ദനത്തിന്റെ ശത്രു ,
അനുഗ്രഹം തന്നെ നിഗ്രഹകാരിയായി മാറുന്ന അവസ്ഥ ,ആനക്ക് അതിന്റ മനോഹരമായ കൊമ്പ് പോലെ ..

ചന്ദനം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് ഓടിയെത്തുക സൌമ്യമായ സൌന്ദര്യമാണ് ,തുളസിക്കതിരുപോലെ നിര്‍മലമായ ഒന്ന് ,ഈറന്‍ ഉണങ്ങാത്ത വസ്ത്രവും ,തുമ്പ് കെട്ടിയ ചുരുള്‍ മുടിയും,തുളസിക്കതിരും നെറ്റിയില്‍ വരഞ്ഞ ചന്ദനവും.
ശാലീന സൌന്ദര്യമെന്ന സ്വപ്നസങ്കല്പത്തിന്റെ അടിത്തറ തന്നെ അങ്ങിനെയായിരുന്നുവല്ലോ നഷ്ടമായിപ്പോയ ആ കാല്‍പനിക നാളുകളില്‍ .

അഹംഭാവത്തിന്റെയും ,പ്രൌടിയുടെയും നേരടയാളമായി ചന്ദനം വരുന്നത് പിന്നീടാണ്‌ ,
"കോലത്തു നാട്ടിലെ തമ്പുരാന്റെ തംബുരാട്ടിക്കൊരു കട്ടില്‍ വേണം ....."എന്ന് പാടിതുടങ്ങുന്ന കഥാ പ്രസങ്കമില്ലാതെ ഒരു സ്കൂള്‍ യുവജനോത്സവവും നടക്കാറില്ല ഞങ്ങളുടെ ചെറുപ്പത്തില്‍ ,അന്കണത്തൈമാവിലെ ആദ്യത്തെ പഴവും, മലയപുലയന്റെ മുറ്റത്തെ വാഴയും മുന്‍പിലോ പിന്‍പിലോ വരും .

പറഞ്ഞു വന്നത് ചന്ദന മരം കളവു പോയതിനെക്കുരിച്ചാണ്,കാടുകയറി വാക്കുകള്‍ എങ്ങോട്ടോ പോയി

ചന്ദനം മുറിച്ചു പോയി എന്നറിഞ്ഞപ്പോള്‍ വല്ലാതെ വിഷമം തോന്നി ,
അത്യാവശ്യത്തിനാണെങ്കില്‍ പോലും ഏതു മരം മുറിക്കുന്നത് കാണുമ്പോഴും മനസ്സില്‍ ഒരു പ്രയാസമാണ് ..പ്രിയപ്പെട്ടവരാരോ ഇല്ലാതാകുന്നത് പോലെയാണ് അത് ..ഇതിപ്പോള്‍ നിത്യവും കാണുന്നതും ചന്ദനം പോലെ അപൂര്‍വവുമായ ഒന്നാകുമ്പോള്‍ പ്രത്യേകിച്ചും ......
പക്ഷെ വളരെ പൊടുന്നനെയാണ് മനസ്സില്‍ മറിച്ചൊരു ചിന്ത തെളിഞ്ഞത് ,
മോഷ്ടാക്കളെ ക്കൂടാതെ ചന്ദനമരത്തിന്റെ നാശത്തില്‍ സന്തോഷം കൊള്ളുന്ന കുറച്ചു പേരെക്കൂടി എനിക്ക് പെട്ടെന്ന് ഓര്‍മ വന്നു ...പേരറിയുന്നതും അല്ലാത്തതുമായ കുറെയേറെ മരങ്ങള്‍ ,
ദീര്‍ഘ കാലത്തെ അടിമത്തത്തില്‍ നിന്ന് മോചിതരയവരെ പോലെ ദുര്‍ബലരെങ്കിലും ഇലകളും ശിഖരങ്ങളും വീശി അവ ആഹ്ലാദത്തോടെ നൃത്തം ചെയ്യുന്നതായി എനിക്ക് തോന്നി ......

ഈ ചന്ദനമരമുണ്ടല്ലോ വല്ലാത്ത ഒരു ചതിയനാണ് ,സ്വന്തംമായി പണിയെടുക്കാത്ത ഒരു സുഖിയന്‍ ..പരമ സ്വതികനെപ്പോലെ പരിമളവുമായി ശോഭിക്കുന്നുവെങ്കിലും മറ്റുള്ളവന്റെ മുതല്‍ കട്ട് തിന്നുന്ന തെളിഞ്ഞ കള്ളന്‍ ,
കുടിയാന്മാരുടെ കുമ്പിളില്‍ കയ്യിട്ടു വാരിയുരുന്ന ചന്ദനം പൂശിയ പഴയ ഫ്യൂഡല്‍ പ്രഭുവിന്റെ നേര്‍ ക്രൌര്യവും കൌശലവുമുള്ളവന്‍ ,
ഉന്മൂലനത്തില്‍ ആഹ്ലാദമല്ലെ വേണ്ടത് എന്നായി എന്റെ ചിന്ത ...

കഥയറിയാത്തവര്‍ക്കായി ചന്ദനത്തിന്റെ ശാസ്ത്രം കുറച്ചു പറയാം ..
ചന്ദനം ഭാഗിഗമായി ഒരു പരോപന്ന സസ്യമാണ് (semi parasite ) ,മറ്റുള്ള സസ്യങ്ങളുടെ വേരുകളിലേക്ക് സൂത്രത്തില്‍ സ്വന്തം വേരുകള്‍ ഇറക്കി അവയുടെ അന്നം മോഷ്ടിച്ചാണ് ഇഷ്ടന്റെ സുഖ ജീവിതം ,
അതില്‍ തന്നെ മൂപ്പര്‍ക്ക് വലിപ്പ ചെറുപ്പം ഒന്നും ഇല്ല ,തീരെ ദുര്‍ബലരായ ചില പുല്ലിനങ്ങള്‍ തുടങ്ങി വന്മരങ്ങള്‍ വരെയുള്ള മുന്നൂറോളം ഇരകളുണ്ട് തമ്പുരാന് ,ഈ സാധുക്കളുടെ അധ്വാനം മുതലാക്കിയാണ് സുഗന്ധവും പരത്തിക്കൊണ്ട്‌ മൂപ്പരങ്ങനെ സരവമാന്യനായി വിരാജിക്കുന്നത് ...

ഈ കള്ള തിരുമാലിയെയാണ് സര്‍ക്കാര്‍ അതിന്റെ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് സംരക്ഷിക്കുന്നതും ,ഇങ്ങേര്‍ക്ക് തീറ്റ ഒരുക്കിയ ചെടികളെയൊക്കെ ചുള്ളിക്കംബായും വിറകായും നാട്ടുകാര്‍ വെട്ടിയൊടിക്കുമ്പോള്‍ ചന്ദനത്തിന്റെ ഇലയ്ക്കും പൂവിനും വരെ കാവല്‍ നില്‍ക്കുകയാണ്‌ സര്‍ക്കാര്‍ ...

അങ്ങിനെയോര്‍ക്കുമ്പോള്‍ സാമൂഹ്യ ജീവിതത്തിന്റെ ഒരു നേര്‍പ്പകര്‍പ്പുണ്ട് ഇവിടെയും
,ചിലര്‍ അങ്ങിനെയാണ് കട്ടും,മോഷ്ടിച്ചും , ചതിച്ചും കൊലപ്പെടുത്തിയും നേടിയ നേട്ടങ്ങളുമായി ചിരിച്ചും സൌമ്യമായും നിങ്ങള്‍ക്കുമുന്നില്‍ നില്‍ക്കും
പ്രശസ്തിയുടെ വെള്ളിവെളിച്ചം അവര്‍ക്കുമേല്‍ എല്ലായ്പോഴും ഉണ്ടാകും .
ജനസമ്മതിയുടെയും അധികാരത്തിന്റെയും സുരക്ഷാവലയങ്ങള്‍ അനവധിയുണ്ടാകും അവര്‍ക്ക് ചുറ്റും എല്ലാ നേരവും .
അവര്‍ക്ക് വളവും വെള്ളവുമായവര്‍ കാഴ്ചയുടെ അതിരുകളില്‍ പോലും പ്രവേശിക്കാന്‍ അനുമതിയില്ലാതെ ദുരിതങ്ങളുടെ ഇരുളില്‍ എന്നേക്കും ഉപേക്ഷിക്കപെട്ടവര്‍ ...
ലോക നീതി ഇങ്ങിനെയോക്കെതന്നെയാണ് വര്‍ത്തമാനത്തില്‍ ..

"ചന്ദന ലേപ സുഗന്ധം "എന്ന് കേള്‍ക്കുമ്പോള്‍ പണ്ടത്തെപ്പോലെ തരളിതമാവുന്നില്ല മനസ്സ് "ചന്ദനത്തില്‍ കടഞ്ഞെടുത്ത സുന്ദരീശില്പം "വല്ലാതെ മോഹിപ്പിക്കുന്നുമില്ല ..
കഥയിങ്ങനെയെങ്ങില്‍ ചന്ദനമൊന്നിനെയും ചാരാന്‍ ഇടവരുത്തരുതേ എന്ന ഒരു പ്രാര്‍ത്ഥന കൂടിയാകാം എന്നുമുണ്ട് മനസ്സില്‍ ...

4 comments:

ഉസ്മാന്‍ പള്ളിക്കരയില്‍ said...

"ഇലനക്കി പട്ടിയുടെ ചിറിനക്കി പട്ടി" എന്ന് ചന്ദനമര മോഷ്ടാക്കളെയും വിളിക്കാം അല്ലെ..?

ചന്ദന മരത്തിന്റെ വശ്യതയെയും അപൂര്‍വ്വതയെയും വര്‍ണ്ണിച്ചുവര്‍ണ്ണിച്ച് പൊടുന്നനെ കരണം മറിഞ്ഞ് അതിന്റെ മറുപുറം തേടിയത് വളരെ കൌതുകകരമായി....
വര്‍ത്തമാനകാലത്തെ പൊതുരംഗത്ത് മഹാ യശസ്സ്വികളായറിയപ്പെടുന്നവരുടെ കഥകളുമായി അതിനെ ബന്ധിപ്പിച്ചതും തികച്ചും സംഗതം തന്നെ..

നന്ദിയുണ്ട് ; ചിന്തയെ തൊട്ടുണര്‍ത്തിയ ഈ കുറിപ്പിന്.

വയനാടന്‍ said...

ചില കാര്യങ്ങള്‍ അങ്ങിനെയാണ് ,
നേര്‍ വിപരീതങ്ങളിലേക്കാന് മനസ്സ് തലകുത്തി വീഴുക ..
നന്ദി പള്ളിക്കരയില്‍ ,ആരും കയറാത്ത ഈ ബ്ലോഗില്‍ വന്നതിനും ,നല്ല വാക്കുകള്‍ കുറിച്ചതിനും ...

Sapna Anu B.George said...

if you write and expect people to find you,then you are being crual to those who care for you and you are ignoring them and their feeling as well.Good read and for my sake i have become one of your followers,although you are not among the readers that follow me...

മണിലാല്‍ said...

ബ്ലോഗ് വായിക്കാന്‍ സുഖം തരുന്ന ലേയൌട്ടീലേക്ക് ആക്കൂ.കറുപ്പില്‍ വെളുപ്പിനേക്കാളും വെളുപ്പില്‍ കറുപ്പക്ഷരങ്ങളാണ് കമ്പ്യൂട്ടറില്‍ നല്ലത്....വേര്‍ഡ് വെരിഫിക്കെഷന്‍ എന്തിനാണ്.
സ്നേഹം
മണിലാല്‍...